അപകടക്കെണിയൊരുക്കി കൂട്ടുംമുഖം പാലം

അപകടക്കെണിയൊരുക്കി കൂട്ടുംമുഖം പാലം ഫോട്ടോ: SKPM Bridge കൂട്ടുംമുഖം പാലത്തി​ൻെറ കൈവരി തകർന്ന ഭാഗത്ത് നാട്ടുകാർ റിബൺ കെട്ടിയ നിലയിൽശ്രീകണ്​ഠപുരം: അപകടക്കെണിയൊരുക്കി കൂട്ടുംമുഖം പാലത്തിലൂടെയുള്ള വാഹനയാത്ര. കൈവരിയും ഉൾഭാഗത്തെ കരിങ്കൽക്കെട്ടും കോൺക്രീറ്റും തകർന്ന് പാലം വൻ അപകട ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസം പുലർച്ച ഉളിക്കൽ മാട്ടറയിലേക്ക് പോവുകയായിരുന്ന കാർ തകർന്ന കൈവരിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞിരുന്നു. 10 മീറ്ററോളം ദൂരത്തിൽ കൈവരി തകർന്ന ഭാഗത്ത് നാട്ടുകാർ മുള കെട്ടിനിർത്തിയിരുന്നെങ്കിലും ഈ ഭാഗം ഇടിച്ചുതകർത്ത് മറിയുകയായിരുന്നു. ഇപ്പോൾ ഇവിടെ നാട്ടുകാർ അപകടാവസ്ഥ കാണിച്ച് മുന്നറിയിപ്പ് ബോർഡും റിബണും സ്ഥാപിച്ചിട്ടാണുള്ളത്. റോഡിൽനിന്ന് പാലത്തിലേക്ക് കയറുന്ന ഭാഗത്ത് വലിയ വളവാണ്. വീതി കുറഞ്ഞ പാലവുമാണിത്. എതിർവശത്തു നിന്ന് വാഹനം കയറിയാൽ മറ്റ് വാഹനങ്ങൾ പോവുക പ്രയാസവുമാണ്.ശ്രീകണ്​ഠപുരം-പയ്യാവൂർ റോഡിലെ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൂട്ടുംമുഖം തോടിന് കുറുകെയുള്ള പാലത്തിലൂടെ തളിപ്പറമ്പ്, പയ്യാവൂർ, ചന്ദനക്കാംപാറ, ഏരുവേശ്ശി ഭാഗങ്ങളിലേക്കുള്ള 50ഓളം ബസുകളും മാക്കൂട്ടം വഴി കർണാടകയിൽ നിന്നെത്തുന്ന പച്ചക്കറി വണ്ടികൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളുമാണ്​ പോകുന്നത്. അഞ്ചുവർഷം മുമ്പ് റോഡ് നവീകരണം നടത്തിയപ്പോൾ പാലം പുനർനിർമാണം നടത്താൻ നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും പി.ഡബ്ല്യു.ഡി തയാറായിരുന്നില്ല. പാലത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് പിന്നീട് നിർമാണം നടത്തുമെന്ന് അധികൃതർ വാഗ്​ദാനം ചെയ്​തിരുന്നെങ്കിലും കാലമേറേയായിട്ടും നടപടി കടലാസിലൊതുങ്ങുകയാണ്. പാലം പുതുക്കിപ്പണിത് റോഡ് വീതികൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.