കോവിഡ് വ്യാപനം: എടൂർ ടൗൺ ഏഴുദിവസത്തേക്ക് അടച്ചു

കോവിഡ് വ്യാപനം: എടൂർ ടൗൺ ഏഴുദിവസത്തേക്ക് അടച്ചു എടൂർ: ആൻറിജൻ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിലെ 10 പേർക്കും മൂന്നു ഓട്ടോ തൊഴിലാളികൾക്കും കോവിഡ് പോസിറ്റിവായതിനെ തുടർന്ന് എടൂർ ടൗണിൽ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തി. നേരത്തെ രണ്ട്​ വ്യാപാരികൾക്കും ഒരു ഓട്ടോ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്നുദിവസം ടൗൺ അടച്ച ശേഷം ചൊവ്വാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് 13 പേർക്കുകൂടി പോസിറ്റിവായത്. എടൂർ ടൗൺ സമൂഹ വ്യാപനത്തി​ൻെറ വക്കിലെന്ന് വിലയിരുത്തിയാണ് ആറളം പഞ്ചായത്ത് സുരക്ഷ സമിതി അടിയന്തര യോഗം ചേർന്ന് 27 വരെ സമ്പൂർണ ലോക്​ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്.വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവയടക്കം ഒരു സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. ഓട്ടോ - ടാക്‌സി സർവിസും പാടില്ല. മെഡിക്കൽ ഷോപ്പുകൾ മാത്രം മൂന്നുദിവസം അടച്ചിട്ട ശേഷം തുറക്കാം.ടൗണിലെ വ്യാപാരസ്ഥാപനങ്ങളായ പി.ടെക്‌സ്, മരിയ മെഡിക്കൽസ്, മലബാർ ചിക്കൻ സ്​റ്റാൾ, കെ.പി. സ്​റ്റോർ, കോംപോ ടെക്​സ്​റ്റൈൽസ്, ഹോട്ടൽ കിച്ചൂസ, ടൈംസ് വാച്ച് വർക്‌സ്, ശ്രീമ സ്​റ്റോർ എന്നീ സ്ഥാപനങ്ങളുമായി ഒരാഴ്​ചക്കുള്ളിൽ ബന്ധപ്പെട്ട മുഴുവനാളുകളും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എടൂർ ടൗണുമായി ബന്ധപ്പെട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷ സമിതി യോഗം അറിയിച്ചു. പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ, ആറളം സി.ഐ കെ. സുധീർ കല്ലൻ, ഹെൽത്ത് ഇൻസ്‌പെക്​ടർ ബെന്നി ജോർജ്, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, വില്ലേജ് ഓഫിസർ സി.കെ. സതീശൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ കൊങ്ങോല, അംഗങ്ങളായ ജോഷി മാത്യു, ലില്ലി മുരിയങ്കരി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.