ആറളം ഫാമിലെ തെങ്ങുചെത്ത് അനധികൃതമെന്ന് പരാതി; ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി

തെങ്ങുകൾ കള്ളുചെത്തിന് അനുവദിച്ചത് സർക്കാർ നിബന്ധനകൾ പാലിച്ചെന്ന്​ എം.ഡി ആറളം: ആറളം ഫാമിൽ നിന്ന്​ അനധികൃതമായി തെങ്ങുചെത്തി കള്ള് പരസ്യമായി വിൽപന നടത്തുന്നതായുള്ള പരാതിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. വിജയൻ നൽകിയ ഹരജിയെ തുടർന്നാണ് നടപടി. ചിലർ സ്വാധീനം ഉപയോഗിച്ച് ആയിരക്കണക്കിന് തെങ്ങുകൾ ചെത്തി കള്ള്​, ഫാമിലെ ആദിവാസികൾക്കുൾപ്പെടെ പരസ്യമായി വിൽപന നടത്തുന്നതായാണ് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുമൂലം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കൃഷിഫാമുകളിലൊന്നായ ആറളം ഫാം പ്രതിദിനം നശിക്കുകയാണ്​. കൂടാതെ ആദിവാസി പുനരധിവാസ മേഖലയിലെ ആദിവാസികൾ മദ്യത്തിനും അടിമയാകുന്നു. ആദിവാസി കുടുംബങ്ങൾ കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്നതായും ഹരജിയിൽ ആരോപിച്ചു. കേസ് പരിഗണിച്ച കോടതി 29ന് വിശദമായ വാദം കേൾക്കും. ഇതിന് മുമ്പായി ചീഫ് സെക്രട്ടറി, എക്‌സൈസ്, വനം, പിന്നാക്ക ക്ഷേമ മന്ത്രിമാർ, ജില്ല കലക്ടർ, എസ്.പി, ആറളം ഫാം എം.ഡി എന്നിവർക്ക്​ നോട്ടീസ് അയക്കാനും കാര്യങ്ങൾ വിശദീകരിക്കാനും കോടതി നിർദേശിച്ചു. ഷാപ് കോൺട്രാക്ടർക്ക് കൃത്യമായ നിബന്ധനകളോടെ മാത്രമേ തെങ്ങ് ചെത്താനായി നൽകാൻ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിക്കുന്നതായും പരാതിയുണ്ട്​. ചില യൂനിയൻ നേതാക്കളുടെ പേരിലാണ് ഇപ്പോൾ തെങ്ങുകൾ പാട്ടത്തിനെടുക്കുന്നതെന്നാണ് പരാതി. തെങ്ങൊന്നിന് 375 രൂപക്കാണ് ഫാം നൽകുന്നത്. എന്നാൽ, തെങ്ങോന്നിന് ആറുമാസത്തേക്ക് 450 രൂപ പാട്ടത്തിനെടുക്കാൻ തയാറുള്ള ലൈസൻസ് ഉള്ളവരെ ഒഴിവാക്കിയതായും പറയുന്നു. കൂടാതെ സർക്കാറിന് ലഭിക്കേണ്ട നികുതിയുടെ കാര്യത്തിലും വെട്ടിപ്പ് നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്​. ആറുമാസത്തേക്ക് തെങ്ങോന്നിന് 30 രൂപവെച്ചാണ് മരനികുതി ട്രഷറിയിൽ അടക്കേണ്ടത്. പാട്ടത്തിനെടുക്കുന്നവർ സ്വാധീനം ഉപയോഗിച്ച് തെങ്ങുകളുടെ എണ്ണം കുറച്ചുകാണിക്കുകയും ഇരട്ടിയിലധികം ചെത്തുന്നതായുമാണ് പരാതി. തെങ്ങുകൾ കള്ളുചെത്തിന് അനുവദിച്ചത് സർക്കാർ നിബന്ധനകളെല്ലാം പാലിച്ചാണെന്ന് ആറളം ഫാം എം.ഡി ബിമൽ ഘോഷ് പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈകോടതിയുടെ ഇടപെടൽ ശ്രദ്ധയിൽപെട്ടിട്ടില്ല. ഇക്കാര്യത്തിൽ നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടുമില്ല. ഫാമിൽനിന്ന് 800 തെങ്ങുകളാണ് ചെത്താൻ അനുമതി നൽകിയിരിക്കുന്നത്. തെങ്ങൊന്നിന് 375രൂപയും ഈടാക്കുന്നുണ്ട്​ -എം.ഡി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.