നീറ്റ് കേന്ദ്രത്തിലേക്ക് ബസ് കിട്ടിയില്ല; രക്ഷകരായി യൂത്ത് ലീഗ് വളൻറിയർമാർ

തളിപ്പറമ്പ്: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ വാഹനസൗകര്യമില്ലാതെ ഏറെ നേരം വലഞ്ഞു. തളിപ്പറമ്പിൽനിന്നു മലയോര മേഖലയിലെ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടവരാണ് ബുദ്ധിമുട്ടിയത്. ഇവർ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർമാർ ഇവർക്ക് പ്രത്യേക വാഹനമേർപ്പെടുത്തി പരീക്ഷകേന്ദ്രങ്ങളിൽ എത്തിച്ച് കൈത്താങ്ങാവുകയായിരുന്നു. ഞായറാഴ്‌ച ശ്രീകണ്ഠപുരം മേഖലയിലെ പരീക്ഷകേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ സാധാരണക്കാരായ വിദ്യാർഥികളാണ് വാഹനം കിട്ടാതെ വലഞ്ഞത്. മലയോരത്തേക്കു പോകാൻ തളിപ്പറമ്പിൽനിന്നു ബസുകൾ ഉണ്ടായിരുന്നില്ല. ചെമ്പേരി, പൊടിക്കളം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടിയിരുന്ന 15ഓളം വിദ്യാർഥികളാണ് ദുരിതത്തിലായത്. ഒരു മണിക്കൂർ കാത്തുനിന്നിട്ടും ബസ് കിട്ടാതായതോടെ രക്ഷിതാക്കൾ കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. എന്നാൽ, 40 പേരെങ്കിലും ഇല്ലാതെ സർവിസ് നടത്താനാവില്ലെന്നായിരുന്നു മറുപടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പിന്നീട് പൊലീസിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ വിവരമറിഞ്ഞാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.കെ. സുബൈർ സംഭവസ്ഥലത്തെത്തിയത്. കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം ഇവരെ വാഹനങ്ങളിൽ എത്തിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളൻറിയർമാർക്ക് നിർദേശം നൽകി. സുബൈറി​ൻെറ നേതൃത്വത്തിൽ ട്രാവലറിലും കാറിലുമായാണ് വിദ്യാർഥികളെ പരീക്ഷകേന്ദ്രങ്ങളിൽ എത്തിച്ചത്. മുനിസിപ്പൽ വൈറ്റ് ഗാർഡ് ക്യാപ്​റ്റൻ പി.കെ. ഹനീഫ, വൈസ് ക്യാപ്​റ്റൻ സി.പി. നൗഫൽ, കെ.എൻ. അൻഷാദ്, മുജീബ് ഗാന്ധി, ഒ.പി. ഇഖ്ബാൽ എന്നിവരും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.