കണ്ടോന്താർ ജയിൽ ചരിത്ര മ്യൂസിയമാവുന്നു

പയ്യന്നൂർ: പുരാവസ്തു വകുപ്പ് 2017ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ചരിത്ര സ്മാരകമായ കണ്ടോന്താർ ജയിലും അനുബന്ധ കെട്ടിടവും പ്രാദേശിക ചരിത്ര മ്യൂസിയമാവുന്നു. മ്യൂസിയ സജ്ജീകരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. അധികാര സ്ഥാപനത്തി​ൻെറ ഭാഗമായി ബ്രിട്ടീഷുകാർ മലബാറിലുടനീളം കാര്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. അക്കൂട്ടത്തിൽ പെട്ടതാണ് കണ്ടോന്താറിലെ രജിസ്ട്രാർ ഓഫിസിനോടനുബന്ധിച്ച ജയിൽ. മാതമംഗലത്തായിരുന്നു രജിസ്ട്രാർ ഒാഫിസ് ആദ്യം സ്ഥാപിക്കപ്പെട്ടത്. വേങ്ങയിൽ നായനാർമാർ നൽകിയ കണ്ടോന്താറിലെ സ്ഥലത്ത് 1913ൽ രജിസ്ട്രാർ ഓഫിസ് മാറ്റിസ്ഥാപിച്ചു. തൊട്ടടുത്ത് സ്ഥിതി ചെയ്തിരുന്ന ജീർണാവസ്ഥയിൽ കിടന്ന കച്ചേരി ഒഴിവാക്കി രജിസ്ട്രാർ ഓഫിസിനരികെയുള്ള ഇപ്പോഴത്തെ ജയിൽ സ്ഥലത്ത് ലോക്കപ്പ് മുറിയും ഓഫിസും വരാന്തയും അടങ്ങുന്ന കെട്ടിടം പണിതു. അക്കാലത്ത് അത് ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യസമര കാലത്ത്​ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ ഈ ജയിലിൽ അടച്ചതായാണ് ചരിത്രം. 1942ലെ ക്വിറ്റ്​ ഇന്ത്യ സമരകാലത്ത് കണ്ടോന്താർ ജയിൽ, താൽക്കാലിക സെല്ലായി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. 107 വർഷം പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമായ ഈ ജയിൽ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവൃത്തി പൂർത്തിയാക്കി 2018ലാണ്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചത്​. ജയിലിൽ പ്രാദേശിക മ്യൂസിയം സജ്ജീകരിക്കുന്നതിനു മുന്നോടിയായി ടി.വി. രാജേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ കണ്ടോന്താർ-പാണപ്പുഴ പഞ്ചായത്ത് ഓഫിസ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ബാലകൃഷ്ണൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, പുരാരേഖ വകുപ്പു ഡയറക്ടർ ജെ. രെജികുമാർ, മ്യൂസിയങ്ങളുടെ നോഡൽ ഏജൻസിയായ കേരളം മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ, ആർ. ചന്ദ്രൻ പിള്ള, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. ദാമോദരൻ, കെ. പത്മനാഭൻ, കടന്നപ്പള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ ടി. രാജൻ, എം.പി. ഉണ്ണികൃഷ്ണൻ, ടി.വി. ചന്ദ്രൻ, പി.ആർ. പ്രഭാകരൻ മാസ്​റ്റർ, പ്രശാന്ത് ബാബു മാസ്​റ്റർ, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.വി. ദേവദാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.