ജനവാസമേഖല പരിസ്ഥിതി ലോലമാക്കാനുള്ള തീരുമാനം: സമരപ്രഖ്യാപനം ഏഴിന്

ഇരിട്ടി: വന്യമൃഗ സംരക്ഷണ മേഖലയോടു ചേർന്നുള്ള ജനവാസമേഖല, ബഫർ സോണാക്കി പരിസ്ഥിതി ലോലമേഖലയാക്കാനുള്ള തീരുമാനത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമരപരിപാടികൾക്ക് ഏഴിന് ഇരിട്ടിയിൽ തുടക്കമാവും. കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷകരെയും കുടുംബങ്ങളെയും സംഘടിപ്പിച്ച്​ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് മാർച്ച് നടത്തും. മാർച്ച് കിസാൻ മഹാസംഘ് സംസ്ഥാന ജന. കൺവീനർ ബിനോയി തോമസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തി​ൻെറ തീരുമാനത്തിനെതിരെ ഓരോ മേഖലയിൽനിന്നും 10,000 ഇ–മെയിൽ സന്ദേശങ്ങളും അയക്കും. പുതിയ തീരുമാനം കൃഷിക്കും മറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനും ഏറെ പ്രയാസം ഉണ്ടാക്കുമെന്ന് കർഷക സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കന്നുകാലി വളർത്തൽ, മീൻകൃഷി, റബർ ഉൾപ്പെടെയുള്ള തോട്ടവിളകളുടെ നിയന്ത്രണമോ നിരോധനമോ ഉണ്ടാകുമെന്നും സ്വന്തം സ്ഥലത്ത് കിണർ കുഴിക്കുന്നതിന​ുപോലും അനുമതി വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്നും അവർ പറഞ്ഞു. സ്വന്തം ഭൂമിയിൽനിന്ന്​ കർഷകനെ ആട്ടിയിറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ബിനോയി തോമസ്, ജിജു ആൻറണി, ജെയിംസ് പാമ്പുമാക്കൽ, സുരേഷ് ഓടപ്പന്തിയിൽ, ആറളം ഗ്രാമപഞ്ചായത്തംഗം റെഹിയാനത്ത് സുബി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.