കൊലപാതക രാഷ്​ട്രീയത്തിനെതിരെ അണിനിരക്കണം -സി.പി.എം

കണ്ണൂര്‍: വെഞ്ഞാറമ്മൂടില്‍ കോണ്‍ഗ്രസ് ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു ബുധനാഴ്ച ജില്ലയിൽ സംഘടിപ്പിക്കുന്ന കരിദിനാചരണം വിജയിപ്പിക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ 3811 ബ്രാഞ്ചുകളിലായി 20,000 പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വൈകീട്ട് നാലിന്​ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും കോവിഡ് പ്രോട്ടോ​േകാള്‍ പാലിച്ച്​ പ്രതിഷേധപരിപാടി സംഘടിപ്പിക്കുക. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തുടര്‍ച്ചയായി വിവിധകേന്ദ്രങ്ങളില്‍ അഞ്ചുപേര്‍ വീതം പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. കൊലചെയ്യപ്പെട്ടവരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമരം ആരംഭിക്കുകയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മറ്റു രാഷ്​ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അനുവദിക്കാത്ത പ്രദേശത്താണ് ഇരട്ടക്കൊല നടന്നത്​. അടുത്തകാലത്തായി പലരും കോണ്‍ഗ്രസില്‍ നിന്ന്​ രാജിവെച്ച് ഡി.വൈ.എഫ്.ഐയുമായും സി.പി.എമ്മുമായും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതോടെ കോണ്‍ഗ്രസ് സ്വാധീനത്തിന് ഇടിവ് സംഭവിച്ചു. അതുകൊണ്ടാണ് കുറച്ച് മാസംമുമ്പ് സി.പി.എം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ ഇരട്ടക്കൊലപാതകം നടത്തിയതും. രണ്ടാഴ്ചക്കകം മൂന്ന് കൊലപാതകങ്ങളാണ് കോണ്‍ഗ്രസുകാര്‍ നടത്തിയത്. കോൺഗ്രസി‍ൻെറ കൊലപാതക രാഷ്​ട്രീയത്തെ ഒറ്റപ്പെടുത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.