ഇരിട്ടിയിൽ മുഴുവൻ ഫലവും നെഗറ്റിവ്

ഇരിട്ടി: ഇരിട്ടിയിൽ തിങ്കളാഴ്​ച നടത്തിയ റാപിഡ് ആൻറിജൻ ടെസ്​റ്റിൽ മുഴുവൻ പേരും നെഗറ്റിവ്. നഗരത്തിലെ വ്യാപാരികൾ, ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, വ്യാപാര കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തുന്നവർ എന്നിവർക്കായാണ് പരിശോധന നടത്തിയത്. 137 പേർക്കാണ്​ ടെസ്​റ്റ്​ നടത്തിയത്​. ഇരിട്ടി നേരംപോക്ക് ആശുപത്രി റോഡിലെ വി.കെ.സി കോംപ്ലക്സിൽ ഇരിട്ടി നഗരസഭയുടെയും ആരോഗ്യ വകുപ്പി‍ൻെറയും വ്യാപാരി സംഘടനകളുടെയും നേതൃത്വത്തിൽ പ്രത്യേക സംവിധാനമൊരുക്കിയായിരുന്നു ടെസ്​റ്റ്​ നടന്നത്. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.എം. രവീന്ദ്രൻ, ജെ.പി.എച്ച്.എൻ ഗിരിജ, സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ ദിനേശൻ കൊതേരി, വ്യാപാരി നേതാക്കളായ റജി തോമസ്, അയൂബ് പൊയിലൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മുഴുവൻ ഫലവും നെഗറ്റിവായതോടെ അഞ്ചു ദിവസമായി അടഞ്ഞുകിടക്കുന്ന നഗരം അടുത്ത ദിവസംതന്നെ നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കാനാകും എന്നാണ് കരുതുന്നത്. ഓണക്കാലത്ത് വിപണി അടഞ്ഞുകിടക്കുന്നതുമൂലം വ്യാപാരികൾക്കുണ്ടാകുന്ന നഷ്​ടംകൂടി കണക്കിലെടുത്ത് വിപണി തുറന്നുനൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇരിട്ടി നഗരസഭയിലെ ആരോഗ്യവിഭാഗം ഡാറ്റാ എൻട്രി ഓപറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കം പത്തോളം ജീവനക്കാരും എട്ടോളം കൗൺസിലർമാരും നിരീക്ഷണത്തിൽ പോയി. ഇരിട്ടി ഗ്രാമീൺ ബാങ്കിൽ കോവിഡ് സ്ഥിരീകരിച്ചവരുമായുണ്ടായ സമ്പർക്കമാണ് ഇയാൾക്ക് രോഗം പകരാനിടയാക്കിയത്. നഗരസഭയുടെ പ്രവർത്തനം ജീവനക്കാരുടെ എണ്ണം കുറച്ച് പരിമിതമായ രീതിയിൽ നടക്കും. പായം പഞ്ചായത്ത് പ്രസിഡൻറും തിങ്കളാഴ്ച സ്വയം നിരീക്ഷണത്തിൽ പോയി. പായം ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച വള്ളിത്തോട് സ്വദേശിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണിത്. അയ്യങ്കുന്ന് പഞ്ചായത്തിൽ ഇനിയൊരറിയിപ്പുവരെ പൊതുജനങ്ങൾക്കുള്ള സേവനം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ബാധയും സമ്പർക്കവും മൂലം ആറളം, അയ്യങ്കുന്ന്‌ വില്ലേജ് ഓഫിസുകൾ അടച്ചിട്ടിരിക്കയാണ്. ഇതുമൂലം പൊതുജനങ്ങളും വിദ്യാർഥികളും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.