പ്രധാന കേന്ദ്രങ്ങളില്‍ ശൗചാലയ സമുച്ചയങ്ങള്‍

കണ്ണൂർ: ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പൊതു ശൗചാലയ സമുച്ചയങ്ങള്‍ നിര്‍മിക്കണമെന്ന് ജില്ല ആസൂത്രണ സമിതി നിര്‍ദേശം. പൊതു ശുചിമുറികളുടെ നവീകരണവും നിര്‍മാണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു. 'പൊതു ടോയ്‌ലറ്റുകളും ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും' പദ്ധതി പ്രകാരമാണ് ഇത് നടപ്പാക്കുന്നത്. നിലവിലുള്ളവയില്‍ ഉപയോഗശൂന്യമായതോ പുനര്‍നിര്‍മാണം ആവശ്യമായതോ ആയ ശുചിമുറികളുടെ നവീകരണം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫിസ് പരിസരം, ബസ് സ്​റ്റാന്‍ഡ്, പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ശുചിമുറികളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകിയതായി ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ് പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്തിലും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരമുള്ള രണ്ട് പൊതുശുചിമുറി സമുച്ചയങ്ങള്‍ വീതം നിര്‍മിക്കാനാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് ഒരു ശുചിമുറി സമുച്ചയവും സംസ്ഥാന-ദേശീയ പാതയോരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ബസ് സ്​റ്റോപ്, ബസ് സ്​റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒരെണ്ണവുമാണ് നിര്‍മിക്കുക. ഇത്തരത്തില്‍ നഗരസഭകളില്‍ അഞ്ചും കോര്‍പറേഷനില്‍ എട്ടും പൊതുശുചിമുറി സമുച്ചയങ്ങള്‍ നിര്‍മിക്കും. പൊതുവിശ്രമസ്ഥലം ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായും എളുപ്പത്തിലും ഉപയോഗിക്കാവുന്ന പ്രദേശത്തായിരിക്കും ശുചിമുറി സമുച്ചയങ്ങള്‍ നിര്‍മിക്കുക. കൂടുതല്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ ശുചിമുറി സമുച്ചയങ്ങള്‍ക്കൊപ്പം കോഫി ഷോപ്/റിഫ്രഷ്‌മൻെറ്​ സൻെററുകള്‍ എന്നിവ കൂടി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ ശുചിമുറികള്‍ ഇല്ലാത്തയിടങ്ങളില്‍ മാത്രം പുതിയ ശുചിമുറികള്‍ നിര്‍മിക്കണം. ഇതിനായി ഏതെങ്കിലും വകുപ്പ്/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ/സംസ്ഥാന പാതകളുടെ വശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. വകുപ്പ് മേധാവികളുടെ അനുമതി ആവശ്യമുള്ളത് കലക്​ടറുടെ ശ്രദ്ധയിൽപെടുത്തി അനുമതി ലഭ്യമാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലെ ശുചിമുറികളുടെ നവീകരണം ഒക്ടോബര്‍ രണ്ടിനകവും പുതിയവയുടെ നിര്‍മാണം ഡിസംബര്‍ 31നകവും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഓരോ തദ്ദേശ സ്ഥാപനത്തി​ൻെറയും പരിധിയിലുള്ള കുടുംബശ്രീ മിഷന്‍ യൂനിറ്റുകള്‍ക്കാണ് നടത്തിപ്പ് ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.