കോവിഡ്​ ഭീതിക്കിടെ വിവരങ്ങൾ തേടി വീടുകയറി പൊലീസ്​

​വിവര ശേഖരണം നടന്ന വീട്ടിലെ ആർക്കും കോവിഡ്​ ബാധയോ രോഗികളുമായി സമ്പർക്കമോ ഉണ്ടായിട്ടില്ലെന്ന്​ വീട്ടുകാർ കണ്ണൂർ: ​കോവിഡ്​ വ്യാപനം തടയുന്നതിന്​ പൊലീസ്​ വ്യക്​തികളുടെ ​ഫോൺ വിവരങ്ങൾ ശേഖരിക്കുന്നത്​ സംബന്ധിച്ച വിവാദത്തിനിടെ, പൊലീസ്​ വീടുകളിൽ ചെന്ന്​ കൂടുതൽ വ്യക്​തിഗത വിവരങ്ങൾ ശേഖരിക്കുന്നതായി പരാതി. കണ്ണൂർ നഗരത്തിലെ ഏതാനും വീടുകളിൽ നിന്ന്​ വീട്ടിലെ മുഴുവൻ വ്യക്​തികളുടെയും പൂർണ വിവരങ്ങളാണ്​ ടൗൺ പൊലീസ്​ ശേഖരിച്ചത്​. സ്​ത്രീകൾ മാത്രമുള്ള, പുരുഷന്മാർ വിദേശത്ത്​ ജോലി ചെയ്യുന്ന വീടുകളിൽ നിന്നാണ്​ വിവരങ്ങൾ തേടിയത്​. വീടുകളിലെ എല്ലാ അംഗങ്ങളുടെയും ആധാർ, ഫോൺ നമ്പറുകൾക്ക്​ പുറമെ, പാസ്​പോർട്ട്​ വിവരങ്ങളും പൊലീസ്​ കുറിച്ചെടുത്തു. ഗൾഫിലുള്ള പുരുഷന്മാരുടെ പാസ്​പോർട്ട്​ വിവരങ്ങൾക്ക്​ പുറമെ, ​വിദേശത്തെ ഫോൺ നമ്പറും ജോലിയുടെ വിശദാംശങ്ങളും ​ചോദിച്ചു. ​വിവര ശേഖരണം നടന്ന വീട്ടിലെ ആർക്കും കോവിഡ്​ ബാധയോ രോഗികളുമായി സമ്പർക്കമോ ഉണ്ടായിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. വിദേശത്തുള്ളവരുടേത്​ ഉൾപ്പെടെ വ്യക്​തിഗത വിവരങ്ങൾ ​​തിരക്കി പൊലീസ്​ എത്തിയതിൽ ഇവർ ആശങ്കയിലാണ്​. എന്നാൽ, ജനമൈത്രി പദ്ധതി പ്രകാരമുള്ള വിവരശേഖരണമാണ്​ എന്നാണ്​ പൊലീസ്​ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ജനമൈത്രിയുടെ ഭാഗമായി പ്രത്യേകം വിവര ശേഖരണം ഇപ്പോൾ നടക്കുന്നില്ല. മാത്രമല്ല, കോവിഡ്​ വ്യാപനം തടയാനുള്ള ഏകമാർഗം സമ്പർക്കം പരമാവധി ഒഴിവാക്കുകയെന്നതാണ്​. സമ്പർക്കം കുറക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന പൊലീസ്​ തന്നെയാണ്​ അത്യാവശ്യമില്ലാത്ത വിവരങ്ങൾ തേടി വീടുകൾ കയറിയിറങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.