തെരുവുകളിൽ എൽ.ഇ.ഡി 'നിലാവ്'; വൈദ്യുതി ബില്ലിലെ ലാഭം തദ്ദേശസ്ഥാപനങ്ങൾക്ക്

പരമ്പരാഗത തെരുവുവിളക്കുകൾ കെ.എസ്.ഇ.ബിയാണ് എൽ.ഇ.ഡിയിലേക്ക് മാറ്റുക കാസർകോട്: പരമ്പരാഗത തെരുവു വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന 'നിലാവ്' പദ്ധതി വഴി ലഭിക്കുന്ന വൈദ്യുതി ബില്ലിലെ ലാഭം തദ്ദേശ സ്ഥാപനങ്ങൾക്ക്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധികളിലെ റോഡുകളിലും ഉപറോഡുകളിലുമുള്ള തെരുവുവിളക്കുകളാണ് എൽ.ഇ.ഡി ലൈറ്റുകൾക്ക് വഴിമാറുന്നത്. വൈദ്യുതി ഉപഭോഗത്തിലെ ലാഭവും സാമ്പത്തിക നേട്ടവും കെ.എസ്.ഇ.ബി തിട്ടപ്പെടുത്തണമെന്ന് പദ്ധതിക്ക് അനുമതി നൽകി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ ലാഭം നിശ്ചിത ഇടവേളകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. കെ.എസ്.ഇ.ബിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസി. എനർജി എഫിഷ്യൻസി സർവിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്ന കേന്ദ്ര സർക്കാർ കമ്പനിയെ പദ്ധതിയുടെ ​േപ്രാജക്ട് മാനേജ്മൻെറ് കൺസൾട്ടൻറായി കെ.എസ്.ഇ.ബി തെരഞ്ഞെടുത്തു. ഇവരാണ്, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് എൽ.ഇ.ഡി വാങ്ങി കെ.എസ്.ഇ.ബിക്ക് വിതരണത്തിന് നൽകുക. പദ്ധതിയിൽ പങ്കാളിയാവുന്നതിനുള്ള സമ്മതം, ആവശ്യമായ എണ്ണം, പദ്ധതിക്കായി തദ്ദേശ സ്ഥാപനം മാറ്റി വെച്ച തുക എന്നിവ ഉൾപ്പെടുത്തി ഭരണസമിതി തീരുമാനമെടുത്ത് അറിയിക്കണം. മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച എൽ.ഇ.ഡികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നീക്കിവെച്ച തുകക്ക് അനുസൃതമായി പ്രാദേശിക സർക്കാറുകൾ കെ.എസ്.ഇ.ബിയിൽ തുക നിക്ഷേപിക്കണം. ഏഴു വർഷത്തെ വാറൻറിയുള്ള ലൈറ്റുകൾക്ക് വാറൻറി കാലയളവിൽ തകരാർ കണ്ടെത്തിയാൽ സൗജന്യമായി മാറ്റുന്നതിന് കെ.എസ്.ഇ.ബി ക്രമീകരണം നടത്തും. പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. ലഭ്യമായ തനത് ഫണ്ടിൽനിന്നോ വികസന ഫണ്ടിലെ സാധാരണ വിഹിതത്തിൽ നിന്നോ കേന്ദ്ര ധനകാര്യ കമീഷൻ അടിസ്ഥാന വിഹിതത്തിൽനിന്നോ 'നിലാവ്' പദ്ധതിക്കുള്ള ചെലവ് വഹിക്കാം. ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനായി 2020-21 വാർഷിക പദ്ധതി പരിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവ് അനുമതി നൽകുന്നു. പുതുക്കിയ പദ്ധതി ആഗസ്​റ്റ്​ 20നകം ജില്ല ആസൂത്രണ സമിതികൾക്ക് സമർപ്പിക്കണം. -ഷമീർ ഹമീദലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.