അന്തിയുറങ്ങാന്‍ വീടില്ല; കൂരയിൽ കണ്ണീർ മഴയിൽ അഞ്ചംഗ കുടുംബം

നെടുങ്കണ്ടം: നാല് കാട്ടുകമ്പില്‍ ടിന്‍ഷീറ്റിട്ട് താല്‍ക്കാലികമായി നിര്‍മിച്ച ഷെഡില്‍ ഭയന്ന് കഴിയുകയാണ് അഞ്ചംഗകുടുംബം. പരസഹായമില്ലാതെ എണീക്കാനാവാത്ത രോഗിയായ വയോധികയും മൂന്നരവയസ്സുകാരിയായ പിഞ്ചുകുഞ്ഞുമടക്കമാണ് ഈ വീടിനുള്ളിൽ കഴിയുന്നത്.

കാലവര്‍ഷം പടിവാതിക്കല്‍ എത്തി നില്‍ക്കുന്നത് ഈ കുടുംബത്തെ ഏറെ ഭയപ്പെടുത്തുകയാണ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടപ്പോള്‍ അന്തിയുറങ്ങാനായി നിര്‍മിച്ചതാണ് ഈ താല്‍ക്കാലിക ഷെഡ്. ആ തൂണുകളെല്ലാം ചിതലെടുത്തുനശിച്ചു. മഴവെള്ളം തൂണിലൂടെ മുറിക്കുള്ളിലേക്ക് ഒലിച്ചിറങ്ങുന്നു. ഏത് നിമിഷവും നിലംപൊത്താം. അടുക്കളയില്ലാത്തതിനാല്‍ താല്‍ക്കാലികമായി ഷെഡിനോട് ചേര്‍ന്ന് അടുപ്പ് കൂട്ടിയാണ് ഭക്ഷണം പാകംചെയ്യുന്നത്. അതിന് മുന്നില്‍ മറച്ചുകെട്ടി ഉള്ളില്‍ ക്ലോസറ്റ് വെച്ചിരിക്കുന്നതാണ് ശുചിമുറി. നെടുങ്കണ്ടം പഞ്ചായത്ത് ആറാംവാര്‍ഡില്‍ അമ്പലപ്പാറയിലാണ് കുടുംബം കഴിയുന്നത്. വിനോദ് ഭവനില്‍ മുകേഷും പിതാവ് മുരുകന്‍പിള്ളയും മാതാവ് രോഗിയായ വിജയമ്മയും മുകേഷി‍െൻറ ഭാര്യയും കുഞ്ഞുമടക്കം കഴിഞ്ഞുകൂടുന്നത്. വര്‍ഷങ്ങളായി ഹാര്‍ട്ടിന് തകരാറും ഒപ്പം ആമവാതവും പിടിപെട്ട് കിടക്കയില്‍ തന്നെ കഴിഞ്ഞുകൂടുന്ന വിജയമ്മക്ക് പ്രാഥമിക ആവശ്യം നിറവേറ്റാന്‍പോലും നടന്നു നീങ്ങാന്‍ രണ്ടുപേരുടെ സഹായം ആവശ്യമാണ്.

ആഴ്ചയില്‍ ഒരുതവണ വീതം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കുപോകണം. മുകേഷ് കൂലിപ്പണിക്കുപോയി കിട്ടുന്ന വരുമാനമാണ് അഞ്ചംഗ കുടുംബത്തി‍െൻറ ദൈനംദിന ചെലവിനും മാതാവി‍െൻറ മരുന്നിനുമുള്ള ഏക വരുമാനം. ആശുപത്രിയില്‍ പോകണമെങ്കില്‍ കുറഞ്ഞത് മൂന്നുപേരെങ്കിലും കൂടെ വേണം.

പ്രളയത്തിന് വീട് നഷ്ടപ്പെട്ടതിന് ഒരുരൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വീടിന് മുകള്‍ഭാഗത്തെ പുരയിടത്തില്‍നിന്ന് മഴയത്ത് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് നിലവിലുണ്ടായിരുന്ന വീട് നഷ്ടമായത്.

Tags:    
News Summary - No home to sleep in; In the rain of tears on the roof Family of five

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.