മൂന്നാർ: യുക്രെയ്നിലെ യുദ്ധം രണ്ടുദിവസം പിന്നിടുമ്പോൾ ഉള്ളുരുകുന്ന പ്രാർഥനയിലാണ് മൂന്നാറിലെ മൂന്ന് കുടുംബങ്ങൾ. പഠനത്തിനായിപ്പോയ മക്കൾ സുരക്ഷിതരായി തിരിച്ചു വരാനുള്ള ഇവരുടെ ശ്രമങ്ങൾക്ക് നാടും ഒപ്പമുണ്ട്. മൂന്നാർ ടൗണിൽ റസ്റ്റാറന്റ് നടത്തുന്ന റഫീക്കിന്റെ മകൾ റമീസ, പോതമേട് സ്വദേശി മണിയുടെ മകൾ എമീമ, ലോക്കാട് എസ്റ്റേറ്റിലെ ഫീൽഡ് ഓഫിസറായ ആൽഡ്രിന്റെ മകൾ ആര്യ എന്നിവരാണ് യുക്രെയ്നിലുള്ളത്.
റമീസ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാർഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാർഥിയുമാണ്. ലിവിവ് യൂനിവേഴ്സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് ഇവർ പഠിക്കുന്നത്. ഏറെ സംഘർഷം നിറഞ്ഞു നില്ക്കുന്ന കീവിലാണ് ആര്യ താമസിച്ചു പഠിക്കുന്നത്.
റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി യുക്രെയ്ൻ അതിര്‍ത്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞത്. റമീസ റോഡുമാര്‍ഗ്ഗം പോളണ്ടിലും എമീമ ഹംഗറിയിലുമാണ് എത്തുക. അവിടെ നിന്നും അതത് രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള നീക്കമാണ് നടന്നു വരുന്നത്.
എം.എല്‍.എ അഡ്വ. എ.രാജ നേരിട്ടും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും എല്ലാവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക്കാട് സ്വദേശി ആര്യയുടെ വീട്ടില്‍ നേരിട്ടെത്തിയ എം.എല്‍.എ ആര്യയെ നാട്ടിലെത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.