വ്യാഴാഴ്ച പുലർച്ച ഡിവൈ.എസ്.പി ഓഫിസിന്റെ മുറ്റത്ത് തമ്പടിച്ച ആനക്കൂട്ടം
മൂന്നാർ: തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനക്കൂട്ടം എത്തിയതോടെ മൂന്നാർ ഡിവൈ.എസ്.പി ഓഫിസും പരിസരവും ഭീതിയിലായി. രണ്ടുദിവസമായി രാത്രിയായാൽ അഞ്ച് ആനയാണ് ഡിവൈ.എസ്.പി ഓഫിസിന് മുന്നിലെത്തുന്നത്.
മറയൂർ റോഡിലെ ഓഫിസിലും ക്വാർട്ടേഴ്സിലും രണ്ടുമാസം മുമ്പും കാട്ടാനയെത്തി ശല്യമുണ്ടാക്കിയിരുന്നു. അന്ന് ഒറ്റയാനായിരുന്നെങ്കിൽ ഇത്തവണ രണ്ട് കുട്ടികളടക്കം അഞ്ച് ആനയാണ് എത്തിയത്. ബുധനാഴ്ച പുലർച്ച കൂട്ടമായി എത്തിയ ആനകൾ ഓഫിസിന് മുന്നിൽ ഉണ്ടായിരുന്നതെല്ലാം തകർത്തശേഷമാണ് മടങ്ങിയത്. വ്യാഴാഴ്ച പുലർച്ച ഒന്നരക്ക് എത്തിയ അതേ ആനക്കൂട്ടം മണിക്കൂറുകളോളം മുറ്റത്ത് നിലയുറപ്പിച്ചു. ഈ സമയം ഡിവൈ.എസ്.പി ഓഫിസിലുണ്ടായിരുന്നു.
മൂന്നാർ ടൗണിലും പരിസരങ്ങളിലും കാട്ടാന ഒറ്റക്കും കൂട്ടമായും വിഹരിക്കുകയാണ്. വീടുകളുടെ മുന്നിലെ കൃഷികളും കുടിവെള്ള പൈപ്പുകളും തകർത്താണ് ഇവയുടെ മടക്കം. ചില സമയങ്ങളിൽ മുറ്റത്തും റോഡിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളും നശിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.