മഹേശ്വരി, രാജകുമാരി

അധ്വാന മികവിന്​ ദേശീയ പുരസ്​കാരം; അഭിമാനമായി മഹേശ്വരിയും രാജകുമാരിയും

മൂന്നാർ: രാജ്യത്തെ മികച്ച തൊഴിലാളികൾക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ ശ്രംദേവി അവാർഡ് ഇടുക്കി ജില്ലയിൽനിന്നുള്ള രണ്ട്​ വനിതകൾക്ക്. കണ്ണൻ ദേവൻ കമ്പനിയിലെ തൊഴിലാളികളായ ചെണ്ടുവരൈ എസ്​റ്റേറ്റ് പി.ആർ ഡിവിഷനിലെ വൈ. മഹേശ്വരി (48), നൈമക്കാട് എസ്​റ്റേറ്റ് കന്നിമല ടോപ് ഡിവിഷനിലെ രാജകുമാരി (37) എന്നിവരാണ് അവാർഡിന്​ അർഹരായത്​.

രാജ്യത്ത്​ പൊതു, -സ്വകാര്യ മേഖലയിൽ അസാധാരണ തൊഴിൽ മികവും ഉൽപാദനക്ഷമതയും പ്രകടിപ്പിക്കുന്ന തൊഴിലാളികൾക്ക് നൽകിവരുന്നതാണ്​ അവാർഡ്. 40,000 രൂപ വീതമാണ് അവാർഡ് തുക. 28 വർഷമായി കണ്ണൻ ദേവനിൽ മസ്​ദൂർ ആയി ജോലി ചെയ്യുന്ന മഹേശ്വരി, തൊഴിലിനോടുള്ള ആത്മാർഥതകൊണ്ട് സഹപ്രവർത്തകരുടെയും കമ്പനിയു​െടയും പ്രശംസ പിടിച്ചുപറ്റിയ തൊഴിലാളിയാണ്. 96.35 ശതമാനം ഹാജർ നിരക്ക്​ നിലനിർത്തുന്ന ഇവർ ദിവസവും 98.77 കിലോ പച്ചക്കൊളുന്ത് എടുക്കും. തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞാൽ പച്ചക്കറി കൃഷി, പശുവളർത്തൽ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കുന്നുണ്ട്. വനിത സ്വയംസഹായ സംഘത്തി​െൻറ നേതൃത്വത്തിലും സജീവ സാന്നിധ്യമാണ്​. ഭർത്താവ് യേശുരാജനും കമ്പനി തൊഴിലാളിയാണ്. രണ്ട്​ മക്കളുണ്ട്​.

കന്നിമല ഡിവിഷനിലെ മാതൃക തൊഴിലാളിയായി പേരെടുത്ത രാജകുമാരി പച്ചക്കറി കൃഷിയും പാലുൽപാദനവും കൊണ്ട് അധികവരുമാനം നേടുന്നതിനുപുറമെ മറ്റ് തൊഴിലാളികളെ പ്രചോദിപ്പിക്കുന്ന വ്യക്തിത്വം കൂടിയാണ്​. ദിവസം 97.87 കിലോ പച്ചക്കൊളുന്ത് ശേഖരിച്ചും ജോലിയിൽ മികവുകാട്ടി. കമ്പനി തൊഴിലാളിയായ പാണ്ഡ്യരാജാണ് ഭർത്താവ്. വിദ്യാർഥികളായ മുത്തുകൃഷ്ണനും ധനുഷുമാണ് മക്കൾ.

ഇത്തവണ പൊതുമേഖലയിൽനിന്ന്​ 49 പേർക്കും സ്വകാര്യമേഖലയിൽ 20 പേർക്കുമാണ് അവാർഡ്. കേരളത്തിൽ സ്വകാര്യമേഖലയിൽ ലഭിച്ച രണ്ട് അവാർഡും മൂന്നാറിലാണ്​.

Tags:    
News Summary - National Award for Excellence in Work; Maheshwari and the rajakumari proudly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.