പഴയ മൂന്നാറിൽ നിർമാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടം

വിലക്കിനുമുമ്പ് പണിതീർക്കാൻ വൻകിടക്കാരുടെ നെട്ടോട്ടം മൂന്നാറി​ൽ എട്ടുനില കെട്ടിടം നിർമാണം തുടരുന്നു

മൂന്നാർ: സ്വാധീനം ചെലുത്തി മൂന്നാർ മേഖലയിൽ നേടിയെടുത്ത റവന്യൂ വകുപ്പി​െൻറ എൻ.ഒ.സി ഉപയോഗിച്ച് കെട്ടിട നിർമാണം വേഗത്തിലാക്കി വൻകിടക്കാർ. വില്ലേജ് ഓഫിസർമാർ നൽകിയ അനുമതി കലക്ടർ റദ്ദാക്കുമെന്ന വാർത്തയെത്തുടർന്നാണ് അനധികൃത നിർമാണം പലരും പൂർത്തിയാക്കുന്നത്.

10 വർഷം മുമ്പ് റവന്യൂ സെക്രട്ടറി ആയിരുന്ന നിവേദിത പി. ഹരനാണ് മൂന്നാറിലെ കൈയേറ്റം നിയന്ത്രിക്കാൻ എൻ.ഒ.സി സമ്പ്രദായം ശിപാർശ ചെയ്തത്. പഞ്ചായത്തി​െൻറ അനുമതി വാങ്ങിയും വാങ്ങാതെയുമൊക്ക സർക്കാർ ഭൂമിയിൽ കെട്ടിടനിർമാണം വ്യാപകമായതോടെയാണ് റവന്യൂ വകുപ്പ് നൽകുന്ന അനുമതികൂടി പരിഗണിച്ച് വീട് നിർമിക്കാൻ സർക്കാർ ഉത്തരവിട്ടത്. താമസിക്കാനുള്ള വീടിനുമാത്രമാണ് അനുമതി നൽകിയിരുന്നത്. എൻ.ഒ.സി രീതി വന്നതോടെ സർക്കാർ ഭൂമി കൈയേറ്റം കുറഞ്ഞിരുന്നു. അതോടൊപ്പം ബഹുനില കെട്ടിടങ്ങളുടെ നിർമാണം നിരോധിച്ച് ഉത്തരവും ഇറങ്ങി. എന്നാൽ, 2018ൽ മൂന്നാറിന് സമീപത്തെ ആറ് വില്ലേജിൽ വീട് നിർമിക്കാൻ എൻ.ഒ.സി നൽകാനുള്ള അധികാരം വില്ലേജ് ഓഫിസർമാർക്ക് നൽകിയിരുന്നു. അഞ്ചുമാസം മാത്രം ലഭിച്ച അധികാരത്തി​െൻറ മറവിൽ നൂറുകണക്കിന് അനുമതിപത്രമാണ് കെട്ടിടനിർമാതാക്കൾ കൈവശപ്പെടുത്തിയത്.

വീടിനുവേണ്ടി എന്ന പേരിൽ വാങ്ങിയ അനുമതി ഏറെയും റിസോർട്ടുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും ആയിരുന്നു. ആറായിരത്തിലധികം ചതുരശ്ര അടിയുള്ള കെട്ടിടങ്ങളാണ് വീടെന്ന പേരിൽ അനുമതി വാങ്ങിയത്.

കൈയേറ്റം വ്യാപകമായെന്ന വാർത്തയെത്തുടർന്ന് ദേവികുളം സബ് കലക്ടർ കൈയേറ്റം കണ്ടെത്താനും രേഖകൾ പരിശോധിക്കാനും സ്പെഷൽ തഹസിൽദാറുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ, അനധികൃത വാണിജ്യക്കെട്ടിടങ്ങളുടെ പരിശോധന നടത്തുമ്പോൾ വില്ലേജ് ഓഫിസർ നൽകിയ എൻ.ഒ.സി ഹാജരാക്കി രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്​ടിച്ചു. ഇതോടെയാണ് വില്ലേജ് ഓഫിസർ നൽകിയ അനുമതി റദ്ദാക്കാൻ സബ് കലക്ടർ എസ്. പ്രേം കൃഷ്ണൻ കലക്ടർക്ക് ശിപാർശ നൽകിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് പണി തുടങ്ങിയ കെട്ടിടങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നത്. ഇവയിൽ ചെറിയ ശതമാനംപോലും വീടുകളല്ലെന്നും അന്വേഷണസംഘം കണ്ടെത്തി.

ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായെങ്കിലും ചിലർക്ക് ബാധകമല്ല. രണ്ടും മൂന്നും നിലകൾക്ക് നിർമാണ നിരോധനം നടപ്പാക്കിയ മൂന്നാറി​െൻറ ഹൃദയഭാഗത്ത് എട്ടുനില കെട്ടിടത്തി​െൻറ നിർമാണം ഇപ്പോഴും തുടരുകയാണ്.

Tags:    
News Summary - build before the ban, An eight-storey building is under construction in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.