മറയൂർ: വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇടക്കടവ് ഭാഗത്ത് കാട്ടാനകൾ ഇറങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാട്ടാനകൾ ഗ്രാമങ്ങളിൽ ഭീതിപരത്തി.
ഇതോടൊപ്പം സമീപ കൃഷിത്തോട്ടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകളെ പയസ് നഗറിലും വണ്ണാന്തുറ സ്റ്റേഷനിൽ നിന്നുമായി 12 ഓളം ജീവനക്കാർ എത്തിയാണ് ഓടിച്ചത്.
കാട്ടാന ശല്യം പരിഹരിക്കാൻ വനാതിർത്തിയിൽ കമ്പിവേലി നിർമാണം നടത്തുമെന്ന് അധികൃതർ പലതവണ വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ നടപ്പിലാക്കിയില്ല.
ഇതിനാൽ ഒറ്റപ്പെട്ടു കിടക്കുന്ന ഇടക്കടവിലെ ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങുന്നത് ജനങ്ങളിൽ ഭീതിപരത്തുന്നുണ്ട്. രാത്രിയിൽ സ്ഥിരമായി വനപാലകർ കാവൽ നിൽക്കണമെന്നും ജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തൊടുപുഴ: വന്യജീവികൾ ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്താൽ ആ മേഖലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന ഹൈകോടതി വിധി നടപ്പാക്കണമെന്ന് കിസാൻസഭ. ഉദ്യോഗസ്ഥരുടെ ധിക്കാരം മൂലം വന്യജീവി ആക്രമണങ്ങൾ തുടർച്ചയാകുകയാണ്.
കഴിഞ്ഞദിവസം ജില്ലയിൽ ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഗവിയിൽ ഒരു ഫോറസ്റ്റ് വാച്ചർ കടുവ ആക്രമണത്തിലും കൊല്ലപ്പെട്ടു. മനുഷ്യജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത ഉദ്യോഗസ്ഥ സമീപനം തിരുത്താൻ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.