കിടപ്പാടത്തിനായുള്ള കാത്തിരിപ്പുമായി 398 കുടുംബങ്ങൾ

ഫോർട്ട്​കൊച്ചി: ചേരിരഹിത ഇന്ത്യ, എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയായ രാജീവ് ആവാസ് യോജന (റേ) പ്രകാരം പണി തുടങ്ങിയ ഫ്ലാറ്റിനായി ഫോർട്ട്​കൊച്ചിയിൽ കഴിഞ്ഞ ഏഴു വർഷമായി കാത്തിരിക്കുന്നത് 398 കുടുംബങ്ങൾ. കൊച്ചി നഗരസഭയുടെ രണ്ടാം ഡിവിഷനായ ഫോർട്ട്​കൊച്ചിയിലാണ് പാതിവഴിയിൽ നിലച്ച ഈ പദ്ധതിയിലേക്ക് കണ്ണും നട്ട് ഗുണഭോക്താക്കളായ കുടുംബങ്ങൾ വേഴാമ്പലിനെ പോലെ കഴിയുന്നത്. അധികൃതരുടെ അവഗണനക്കും, കെടുകാര്യസ്ഥതയുടെയും അടയാളമായിരിക്കുകയാണ് പണിതീരാത്ത ഈ കെട്ടിടം. 2013 ഡിസംബറിലാണ് പദ്ധതിക്കായി അംഗീകാരം കിട്ടിയത്. 2014 ജൂണിൽ നിർമാണ അനുമതിയും ലഭിച്ചെങ്കിലും കാര്യങ്ങൾ മുന്നോട്ടുനീങ്ങിയില്ല. ഇതേ തുടർന്ന് സൺറൈസ് കൊച്ചി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് 2016 ആരംഭത്തിൽ രണ്ടു ഫ്ലാറ്റുകളിൽ ഒന്നിനുള്ള ടെൻഡർ നടപടി ആയി. 2017 ഫെബ്രുവരിയിൽ നിർമാണം ആരംഭിച്ചു. 2019 ഫെബ്രുവരിയിൽ പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ, 2019 ഫെബ്രുവരിയിൽ ഒന്നാം നിലയിലെ സ്ലാബ് നിർമാണത്തോടെ പണി നിലച്ചു. ലക്ഷങ്ങൾ ചെലവിട്ട് പുറം ഏജൻസി തയാറാക്കിയ ഡി.പി.ആർ തെറ്റായി എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിർമാണം നിലച്ചത്. രണ്ടാമത് എസ്​റ്റിമേറ്റ് തയാറാക്കിയപ്പോൾ 39 കോടി രൂപയാണ് രേഖപ്പെടുത്തിയത്. ആദ്യ എസ്​റ്റിമേറ്റിനേക്കാൾ 21 കോടി അധികം. എന്നാൽ, ഭവനരഹിതർക്ക് തല ചായ്ക്കാൻ ഇടം എന്ന നിലയിൽ സ്മാർട്ട് മിഷൻ 21 കോടി മുടക്കി പദ്ധതി ഏറ്റെടുക്കാൻ തയാറായെങ്കിലും അതിനുള്ള നീക്കം നടത്തുന്നതിന് നഗരസഭക്ക് കഴിഞ്ഞില്ല. പദ്ധതി ഇപ്പോഴും നിശ്ചലമായി തന്നെ കിടക്കുന്നു. വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ 398 കുടുംബങ്ങൾ വാടക വീടുകളിൽ കഴിയുകയാണ്. ലോക്ഡൗണിനെ തുടർന്ന് ജോലികൾ ഇല്ലാതായതോടെ പട്ടിണിയോട് മല്ലടിക്കുന്ന ഇവർക്ക് വീട്ടുവാടക പോലും കൊടുക്കാനാകുന്നില്ല. കുടിയിറക്ക് ഭീഷണി നേരിടുന്നവരുമുണ്ട്. അധികൃതർ കണ്ണു തുറന്നാൽ ഇവർക്ക് തല ചായ്ക്കാൻ ഇടം കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.