കട്ടപ്പനയിൽ കോവിഡ് സമ്പർക്കരോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു

കട്ടപ്പന: കട്ടപ്പനയിൽ കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു. ഒരാഴ്ചക്കിടെ കട്ടപ്പനയിൽ 69 കോവിഡ് രോഗികൾ. ഇതിൽ 90 ശതമാനവും സമ്പർക്ക രോഗികളാണ്​. കഴിഞ്ഞ 11 മുതൽ 18 വരെയുള്ള ഒരാഴ്ചയിൽ മാത്രം കട്ടപ്പനയിൽ 69 കോവിഡ് രോഗബാധിതരെ സ്ഥിരീകരിച്ചു. 11ന് ജില്ലയിൽ 123 കോവിഡ് രോഗബാധിതരെ കണ്ടെത്തിയപ്പോൾ അതിൽ രണ്ടുപേർ മാത്രമാണ് കട്ടപ്പനയിൽനിന്ന് ഉണ്ടായിരുന്നത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയായിരുന്നു. 12ന് മുന്നുപേരും 13ന് രണ്ട് രോഗബാധിതരും മാത്രമാണ് കട്ടപ്പനയിൽനിന്ന് ഉണ്ടായത്. എന്നാൽ, 14ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച്​ അന്ന് മാത്രം 16 രോഗബാധിതരാണ് കട്ടപ്പനയിൽനിന്ന് ഉണ്ടായത്. അന്ന് ജില്ലയിൽ ആകെ 114 കോവിഡ് രോഗബാധിതരെ കണ്ടെത്തിയതിൽ 16ഉം കട്ടപ്പനയിൽ നിന്നായിരുന്നു. 15ന് അഞ്ചുപേർക്കും 16ന് 13 പേർക്കും കോവിഡ് ബാധിച്ചപ്പോൾ 17ന് എണ്ണം ഒരു ഡസനിലെത്തി. ഇതിൽ 90 ശതമാനത്തിലധികവും സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. ആരോഗ്യവകുപ്പും നഗരസഭയും ഏർപ്പെടുത്തിയ പ്രതിരോധ നടപടികളോട് ആളുകൾ കാണിക്കുന്ന നിസ്സംഗതയാണ് രോഗം കൂടുതൽ പേരിലേക്ക് പകരാൻ ഇടയാക്കുന്നത്. ടൗണിൽ സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ കൂട്ടംകൂടുന്നതും സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ച് നടക്കുന്നതും കൂടിവരുകയാണ്. മാസ്‌ക് ധരിക്കാതെ ജോലിക്കിറങ്ങുന്ന തൊഴിലാളികളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ വർധിച്ചുവരുകയാണ്. കടകളിൽപോലും ജോലിക്കാരും ഉടമകളും മാസ്‌ക് ധരിക്കാതെ ആളുകളുമായി ഇടപഴകുന്നതും കുറവല്ല. കഴിഞ്ഞദിവസം അന്തർ സംസ്ഥാന തെഴിലാളികളെയുമായി കട്ടപ്പനയിൽ എത്തിയ രണ്ട് ടൂറിസ്​റ്റ്​ ബസുകൾ ആരോഗ്യവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഇവരെ പരിശോധിച്ചപ്പോൾ ഐ.ഡി കാർഡ്, ആധാർ കാർഡ് തുടങ്ങി ഒരു രേഖയും ഇവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. വെള്ള കടലാസിൽ തൊഴിലാളികളുടെ പേർ രേഖപ്പെടുത്തിയത്​ മാത്രമാണ് ഇവരെ കൊണ്ടുവന്നവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇവരെ ക്വാറൻറീനിൽ പോലും നിർത്താതെ പിറ്റേദിവസം തന്നെ പണിക്കിറക്കുകയായിരുന്നു. ഇക്കാര്യങ്ങൾ പരിശോധികാനെത്തുമ്പോൾ ആരോഗ്യപ്രവർത്തകരുടെ മേൽ തട്ടിക്കയറുന്നവരും കുറവല്ല. ദിവസം കഴിയുംതോറും രോഗബാധിതരുടെ എണ്ണം ഈ രീതിയിൽ വർധിച്ചാൽ കട്ടപ്പന സമ്പൂർണ ലോക്ഡൗണിലേക്ക് നിങ്ങേണ്ടിവരുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.