ആരവമില്ലെങ്കിലും ആചാരം കാക്കും; തിരുവോണത്തോണി വരും ​

തിരുവോണത്തോണിയുടെ അകമ്പടിക്കുള്ള ചുരുളൻ വള്ളം കുമാരനല്ലൂർ കടവിൽനിന്ന് ശനിയാഴ്​ച രാവിലെ 11ന് പുറപ്പെടും. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം എം.ആർ. രവീന്ദ്രബാബു ഭട്ടതിരിയാണ് ഇത്തവണ തോണിയിൽ യാത്രചെയ്യുന്നത്. അദ്ദേഹത്തി​ൻെറ കന്നിയാത്രകൂടിയാണ്. കഴിഞ്ഞ വർഷംവരെ രവീന്ദ്രബാബുവി​ൻെറ ജ്യേഷ്ഠസഹോദരൻ നാരായണഭട്ടതിരി ആയിരുന്നു തോണിയിൽ ആറന്മുളയപ്പനുള്ള ഓണ വിഭവങ്ങളുമായി വന്നിരുന്നത്​. അദ്ദേഹത്തി​ൻെറ നിര്യാണത്തെത്തുടർന്നാണ് ആചാരാനുഷ്ഠാനത്തി​ൻെറ ഭാഗമായി രവീന്ദ്രബാബു ഭട്ടതിരി ഇത്തവണ യാത്ര പോകുന്നത്. തോണിയിൽ യാത്രചെയ്യുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും. മൂലം നാളിലായിരുന്നു മുൻ വർഷങ്ങളിൽ പുറപ്പെട്ടിരുന്നത്. ഇത്തവണ ഒരു ദിവസംകൂടി കഴിഞ്ഞ്​ പൂരാടം നാളിലാണ് യാത്ര പുറപ്പെടുന്നത്. പുതിയകാവിൽ ഉച്ചപൂജക്കുശേഷം വൈകീട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തും. കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽനിന്ന് ഉത്രാടംനാളായ ഞായറാഴ്​ച വൈകീട്ട് ആറിന് തോണി ആറന്മുളക്ക് പുറപ്പെടും. തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായാണ് യാത്ര. വൈകീട്ട്​ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം തിരുവാറന്മുളയിലെ കെടാവിളക്കിൽ പകരാനുള്ള ദീപം മേൽശാന്തി പകർന്നുനൽകും. തുടർന്ന് 18 തറവാടുകളിൽനിന്നുള്ള പ്രതിനിധികൾ തിരുവാറന്മുളയപ്പനുള്ള തിരുവോണവിഭവങ്ങൾ തോണിയിൽ കയറ്റും. ഭട്ടതിരിയെ അനുഗമിച്ചു തോണിയിലേറി, വഞ്ചിപ്പാട്ടും വായ്ക്കുരവയുംകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ തിരുവോണത്തോണിയും അകമ്പടി സേവിക്കാനെത്തുന്ന പള്ളിയോടങ്ങളും ആറന്മുളക്ക്​ തിരിക്കും. തിരുവാറന്മുളക്കുള്ള യാത്രയിൽ ആദ്യം അയിരൂർ മഠത്തിൽ നിർത്തും. ദീപാരാധനക്കും അത്താഴത്തിനും ശേഷം യാത്ര തുടർന്ന് മേലുകര വെച്ചൂർ മഠത്തിലെത്തി സോപാനസംഗീതത്തിൽ ആറാടി, തുടർന്ന് ദീപാരാധനയും നടത്തും. തിരുവോണനാൾ പുലർച്ച ആറിന് ക്ഷേത്രക്കടവിലെത്തുന്ന തോണിയെ ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളും പള്ളിയോട സേവസംഘം ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. കെടാവിളക്കിലേക്ക് പകരാനുള്ള ദീപം നൽകി പുറത്തിറങ്ങുകയും ചെയ്യുന്നതോടെ തിരുവോണ സദ്യയുടെ ഒരുക്കം തുടങ്ങുകയായി. ക്ഷേത്രത്തിലിരുന്ന് സദ്യ കഴിക്കുന്ന ഭട്ടതിരി വൈകീട്ട് ദീപാരാധനയും തൊഴുത്​ ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി ഭഗവാന് സമർപ്പിച്ച്​ അടുത്ത വർഷവും ഭഗവാനെ വണങ്ങാനുള്ള ഭാഗ്യം ഉണ്ടാവണേ എന്ന്‌ പ്രാർഥിച്ചു കുമാരനല്ലൂരിലേക്കു മടങ്ങും. ​െഎതിഹ്യം: ഏകദേശം 700 വർഷങ്ങൾക്കു മുമ്പ്​ പമ്പയാറി​ൻെറ തീരത്തുള്ള കാട്ടൂർ ദേശത്തു മങ്ങാട്ട്​ എന്ന് പേരുള്ള ഒരു ബ്രാഹ്മണ കുടുംബമുണ്ടായിരുന്നു. വേദജ്ഞരായിരുന്നതുകൊണ്ട് ഈ കുടുംബക്കാർക്കു ഭട്ടതിരി എന്ന സ്ഥാനപ്പേരും ഉണ്ടായിരുന്നു. കുടുംബത്തിലെ ഒരു ഭട്ടതിരി എല്ലാ വർഷവും തിരുവോണ നാളിൽ ബ്രാഹ്മണർക്കു ഭക്ഷണം നൽകിയ ശേഷമേ അദ്ദേഹം കഴിച്ചിരുന്നുള്ളു. അങ്ങനെയിരിക്കെ ഒരു തിരുവോണ നാളിൽ ഭക്ഷണം സ്വീകരിക്കാൻ ഒരു ബ്രാഹ്മണൻപോലും വന്നില്ല. വിഷമിച്ച ഭട്ടതിരി തിരുവാറന്മുളയപ്പനെ മനംനൊന്തു പ്രാർഥിക്കുകയും തൊട്ടടുത്ത നിമിഷം ഒരു ബ്രാഹ്മണ ബാലൻ ​പ്രത്യക്ഷപ്പെടുകയും ഭക്ഷണം സ്വീകരിക്കുകയും ചെയ്തു. ഭക്ഷണം സ്വീകരിച്ച ബാലനാരാണ് എന്ന് ഉത്തരം കിട്ടാതെ ഉഴറിയ ഭട്ടതിരിക്കു രാത്രിയിൽ സ്വപ്നത്തിൽ സാക്ഷാൽ തിരുവാറന്മുളയപ്പ​ൻെറ ദർശനമുണ്ടായി. ബ്രാഹ്മണരൂപത്തിൽ മഠത്തിൽ വന്നത് താനാണെന്നും ഇനി മുതൽ എല്ലാ കൊല്ലവും ചിങ്ങത്തിലെ തിരുവോണ നാളിൽ തനിക്കുള്ള സദ്യവട്ടങ്ങൾ തിരുവാറന്മുളയിൽ എത്തിക്കണമെന്നും അരുളപ്പാടുണ്ടായി. പിറ്റേ വർഷം മുതൽ തിരുവോണവിഭവങ്ങളുമായി ഒരു തോണി കാട്ടൂർ മഠത്തിൽ നിന്നും ഉത്രാട നാളിൽ പുറപ്പെട്ടു തിരുവോണ നാളിൽ വെളുപ്പിനെ തിരുവാറന്മുളയിൽ എത്തുന്ന രീതി തുടങ്ങി. ചെമ്പകശ്ശേരി കുടുംബത്തിലെ വലിയ കെട്ടുവള്ളമായിരുന്നു അക്കാലങ്ങളിൽ തോണിയായി ഉപയോഗിച്ചിരുന്നത്. ഒരുതവണ തിരുവോണ ദിവസത്തിലേക്കുള്ള വിഭവങ്ങളുമായി തോണി കാട്ടൂർനിന്ന് യാത്ര തിരിച്ചു അയിരൂർ പ്രദേശത്തുകൂടി വന്നപ്പോൾ കരയിലെ പ്രബലരായ കോവിലന്മാർ തോണി തടഞ്ഞു. വിവരമറിഞ്ഞു സമീപപ്രദേശമായ അയിരൂരിൽനിന്ന്​ കളരി ഗുരുക്കളുടെ നേതൃത്വത്തിൽ സമീപ കരകളിൽനിന്ന് ചെറുവള്ളങ്ങളിൽ ആളുകളെത്തി കോവിലന്മാരെയും കൂട്ടരെയും തുരത്തി തോണിക്ക്​ അകമ്പടിസേവിച്ചു. തിരുവോണ ദിനം രാവിലെ തോണി ആറൻമുളയിൽ എത്തി. തോണിക്കുനേരെയുള്ള ആക്രമണങ്ങളെ മുന്നിൽകണ്ട് കരയിൽ നിന്ന് കൂടുതൽ ആളുകൾ കയറുന്ന രീതിയിലുള്ള വള്ളങ്ങൾ നിർമിച്ചു തോണിക്കു അകമ്പടി സേവിച്ചു. ഭഗവാന് വിഭവങ്ങൾ കൊണ്ടുപോകുന്ന തോണിക്ക്​ അകമ്പടി സേവിക്കുന്ന വള്ളം ആയതിനാൽ അവയെ പള്ളിയോടം എന്ന് വിളിച്ചുതുടങ്ങി. പിന്നീട്​ ഓരോ കരക്കാരും പള്ളിയോടങ്ങളുമായി തിരുവോണത്തോണിക്ക്​ അകമ്പടി സേവിക്കാൻ തുടങ്ങി. PTsupply thiruvanathony1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.