നെടുങ്കണ്ടം കസ്​റ്റഡി മരണം: മ​ുൻകൂർ ജാമ്യം തേടി മുൻ എസ്.പിയുടെ ഹരജി

കൊച്ചി: സാമ്പത്തിക തട്ടിപ്പ്​ കേസില്‍ ഇടുക്കി നെടുങ്കണ്ടം പൊലീസ് അറസ്​റ്റ്​ ചെയ്ത രാജ്കുമാര്‍ കസ്​റ്റഡി മർദനത്തെ തുടർന്ന് മരിച്ച കേസിൽ മ​ുൻകൂർ ജാമ്യം തേടി മുൻ എസ്.പി കെ.ബി. വേണുഗോപാൽ ഹൈകോടതിയിൽ. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ അന്നത്തെ എസ്​.പിയെയും രണ്ട്​ ഡിവൈ.എസ്.പിമാരെയും പ്രതി ചേർക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ മുൻ എസ്​.പി ഹരജി നൽകിയത്​. രാജ്കുമാർ പൊലീസ് മർദനത്തെ തുടർന്ന് 2019 ജൂൺ 21നാണ് മരിച്ചത്. ജൂൺ 15ന് രാത്രി അറസ്​റ്റിലായ ഇയാൾ ജുഡീഷ്യൽ കസ്​റ്റഡിയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ എട്ടു പൊലീസുകാരെ പ്രതി ചേർത്ത് പീരുമേട് പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ പിന്നാലെയാണ്​ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്​. തുടർന്നാണ്​ ഹരജിക്കാരനെയടക്കം പ്രതി ചേർക്കാനുള്ള നീക്കം പുറത്തുവന്നത്​. ഇൗ സാഹചര്യത്തിൽ അറസ്​റ്റുണ്ടാകുമെന്ന് ആശങ്കയു​ണ്ടെന്ന് ഹരജിയിൽ പറയുന്നു. കസ്​റ്റഡി മർദനവുമായി​ ബന്ധമില്ലെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്ന​ുമാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.