പ്രളയം കവർന്ന നച്ചാർ പുഴയുടെ ഓരം കെട്ടിസംരക്ഷിക്കണമെന്ന്​

മൂലമറ്റം: 2021ലെ പ്രളയജലത്തിൽ ഒലിച്ചുപോയ നച്ചാർ പുഴയുടെ ഓരം കെട്ടിസംരക്ഷിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലെ ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഉണ്ടായ കനത്ത നാശനഷ്ടത്തിന് പിന്നാലെ ഇത്തവണയും താഴ്​വാരം കോളനിയിൽ വെള്ളം കയറിയതോടെ നാട്ടുകാർ ഭീതിയിലാണ്. മഴ തുടർന്നാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്. 2021 ഒക്ടോബറിലെ മഴവെള്ളപ്പാച്ചിലിൽ നച്ചാർ പുഴയിലൂടെ പ്രളയജലം ഒഴുകിയെത്തി ഏഴ് വീട്​ വാസയോഗ്യമല്ലാതാവുകയും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും മറ്റ് വീടുകളുടെ അടിത്തറ ഉൾപ്പെടെ ഒഴുകിപ്പോവുകയും ചെയ്തിരുന്നു. വീട് പൂർണമായി തകർന്നവർ മറ്റ് വാടക വീടുകളിലേക്ക് മാറി താമസിച്ചു. എന്നാൽ, നേരിയ കേടുപാടുകൾ സംഭവിച്ച വീട്ടുകാർ അവിടങ്ങളിൽതന്നെ കഴിഞ്ഞുകൂടുകയാണ്. അടിത്തറ ഉൾപ്പെടെ ഒലിച്ചുപോയ വീടുകളിൽ കഴിയുന്നവരും ഉണ്ട്. ചില വീടുകളുടെ സംരക്ഷണഭിത്തി ഏത് സമയവും പതിക്കാവുന്ന അവസ്ഥയിലുമാണ്. പുഴയോരങ്ങളിലെ റോഡുകളുടെ അവസ്ഥയും സമാനമാണ്. എത്രയും വേഗം നച്ചാർ പുഴയുടെ ഓരങ്ങൾ കെട്ടി വീടുകളും റോഡും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കുടുംബമാണ് താഴ്​വാരം കോളനിയിൽ താമസിക്കുന്നത്. പട്ടയമില്ലാത്ത ഇവർക്ക് കൈവശ രേഖ മാത്രമാണുള്ളത്. കൂലിപ്പണിയും മറ്റുമായി ജീവിക്കുന്ന നിർധനരായ താമസക്കാർക്ക്​ പ്രളയത്തിൽ തകർന്ന വീടും സംരക്ഷണഭിത്തിയും കെട്ടാനുള്ള ശേഷി നിലവിലില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.