ആനപ്പേടിയില്‍ ആദിവാസി ഊരുകള്‍; മാങ്കുളംകാര്‍ക്കും ഉറക്കം നഷ്ടപ്പെടുന്നു

അടിമാലി: മഴക്കാലവും ചക്കക്കാലവും ആയതോടെ ആനകളുടെ വിളയാട്ടഭൂമിയായി മാറിയിരിക്കുകയാണ് ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ മലയോര മേഖല. കാട്ടാനകള്‍ ജീവനും സ്വത്തിനും ഭീഷണിയായതോടെ ആനപ്പേടിയില്‍ ഊണും ഉറക്കവുമില്ലാത്ത രാത്രികളാണ് ഇപ്പോള്‍ ആദിവാസികള്‍ക്ക്. ശനിയാഴ്ച രാത്രി കാട്ടാനകള്‍ മാങ്കുളം കുവൈറ്റ് സിറ്റി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളില്‍ വ്യാപക നാശം വിതച്ചു. കുവൈറ്റ് സിറ്റി സ്വദേശി മധുസൂദനന്‍, പെരുമന്‍കുത്ത് ചെമ്പന്‍പുരയിടം ഷിബു സോമന്‍, വരിക്കയില്‍ മജോ, മാളിയേക്കല്‍ ഷാന്‍റി എന്നിവരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ആനകളെ പ്രതിരോധിക്കാന്‍ ഉരുക്കുവടം, സൗരോർജ വേലി, കിടങ്ങുകള്‍, എന്നിവയെല്ലാം നിര്‍മിച്ചെങ്കിലും നശിച്ചുകിടക്കുകയാണ്. ഇവ നന്നാക്കുമെന്ന്​ സര്‍ക്കാറും വനം വകുപ്പും പറയുന്നതല്ലാതെ കാര്യമൊന്നും നടക്കുന്നില്ലെന്ന്​ പറയുന്നു. വേനല്‍ മഴ കനത്തതോടെ വഴികളിലൊക്കെ ആനകളുടെ സാന്നിധ്യമുണ്ട്. ഇരുട്ടില്‍ തൊട്ടുമുന്നില്‍പെടുമ്പോള്‍ മാത്രമാണ് കാണുന്നത്. പലപ്പോഴും തലനാരിഴക്കാണ് ആക്രമണത്തില്‍നിന്ന് തങ്ങള്‍ രക്ഷപ്പെടുന്നതെന്ന് ആദിവാസികള്‍ പറയുന്നു. വീടുകള്‍ക്കുചുറ്റും നില്‍ക്കുന്ന പ്ലാവിലെ ചക്കകള്‍ അടര്‍ത്തി തിന്നാനാണ്​ ജനവാസ മേഖലയിലേക്ക് കാട്ടാനകളിറങ്ങുന്നത്. കൂടാതെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകളും ഇഷ്ടമാണ്. ഇതോടെ വീടിന് സമീപത്തുനിന്ന്​ പ്ലാവുകള്‍ വെട്ടി മാറ്റുകയും മറ്റ് കൃഷികള്‍ ദൂരേക്ക് മാറ്റുകയുമാണ് ആദിവാസികള്‍. കാട്ടാന വരുത്തിവെക്കുന്ന കൃഷിനാശം വ്യാപകമാണ്. ഒരുമാസത്തിനിടെ 100 ഏക്കറിലേറെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. മാങ്കുളം, അടിമാലി, മറയൂര്‍, ഇടമലക്കുടി പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലാണ് കാട്ടാനകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം കൂടിയാകുമ്പോൾ എന്ത് കൃഷി ചെയ്താലും കാര്യമില്ലെന്ന അവസ്ഥയാണ്​. idl adi 3 ana ചിത്രം...ആനകുളത്ത് മധുസൂദന‍ൻെറ കൃഷി കാട്ടാനകള്‍ നശിപ്പിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.