ഫോർട്ട്​കൊച്ചി വാട്ടർ മെട്രോ ജെട്ടി നിർമാണത്തിന്​ അനുമതി തേടിയിട്ടില്ലെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ്​

മട്ടാഞ്ചേരി: കൊച്ചി മെട്രോയുടെ ഫോർട്ട്​കൊച്ചി കമാലക്കടവിലെ വാട്ടർ മെട്രോ ജെട്ടി നിർമാണം തുറമുഖ ട്രസ്റ്റിന്‍റെ അനുമതി നേടാതെ. ജെട്ടി നിർമാണത്തിനോ കെട്ടിട നിർമാണത്തിനോ അനുമതി നേടിയിട്ടില്ലെന്ന്​ വിവരാവകാശ നിയമപ്രകാരം മുൻ മേയർ കെ.ജെ. സോഹന്​ ട്രസ്റ്റ് നൽകിയ മറുപടിയിൽ പറയുന്നു. പ്രാരംഭം മുതൽ തടസ്സങ്ങളും വിവാദങ്ങളുമായാണ് ജെട്ടി നിർമാണം മുന്നോട്ടുപോയത്. ബ്രിട്ടിഷുകാർ നിർമിച്ച കരിപ്പുര കെട്ടിടം ജെട്ടി നിർമിക്കാനായി തകർത്തത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നവംബറിൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിനിടയിൽ ചീനവലകൾക്ക് ജെട്ടി ഭീഷണിയാകുമെന്ന ആശങ്ക ഉയർന്നു. കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന അവശേഷിക്കുന്ന ചീനവലകൾ സംരക്ഷിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ തീരസംരക്ഷണ നിയമം വകവെക്കാതെ കൂറ്റൻ കെട്ടിടം നിർമിക്കാൻ അധികൃതർ പദ്ധതി തയാറാക്കി. ഇതോടെ നാട്ടുകാർ പ്രതിഷേധം വീണ്ടും ശക്തമാക്കി. കൂറ്റൻ കെട്ടിടം ചീനവലകൾക്ക് ഭീഷണി ഉയർത്തുന്നതിനൊപ്പം പൈതൃക കാഴ്ച്ചക്ക് തടസ്സം സൃഷ്ടിക്കുമെന്ന വാദവും ഉയർന്നു. സംസ്ഥാനത്ത് ഒരിടത്തും പൈതൃക ഭംഗി നഷ്ടപ്പെടുത്തുന്ന നിർമാണം അനുവദിക്കില്ലെന്ന് തദ്ദേശ മന്ത്രിതന്നെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജെട്ടിക്കായി കൂറ്റൻ കെട്ടിടം കെട്ടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കെട്ടിടം നിർമിക്കാൻ അഴിമുഖത്തേക്ക് നീട്ടി നിയമം ലംഘിച്ച് അടിത്തറ കെട്ടിയതും വിവാദമായി. ഇത്തരം നടപടികളുമായി മുന്നോട്ടുപോകവെയാണ് മുൻ മേയർതന്നെ വിവരാവകാശ പ്രകാരം രേഖകൾ തേടിയപ്പോൾ തുറമുഖ ട്രസ്റ്റ് ഭൂമിയിൽ തങ്ങളുടെ അനുമതിയില്ലാതെയാണ് കെട്ടിടം പണിയുന്നതെന്ന വിവരം കൊച്ചിൻ പോർട്ട് ട്രസ്റ്റ് സിവിൽ ചീഫ് എൻജിനീയർതന്നെ അറിയിച്ചിരിക്കുന്നത്. ഇതോടെ നിർമാണം പ്രതിസന്ധിയിലായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.