മുനമ്പം-അഴീക്കോട് പാലം നിർമാണം: മുനമ്പം ജങ്കാർ ജെട്ടി മാറ്റിസ്ഥാപിക്കാൻ നടപടി ഉടൻ

വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകളുടെ സ്വപ്ന പദ്ധതിയായ മുനമ്പം-അഴീക്കോട് പാലം നിർമാണത്തിനു മുന്നോടിയായി മുനമ്പം ഭാഗത്തെ ജങ്കാർ ജെട്ടി സൗകര്യപ്രദവും പ്രായോഗികവുമായ വിധത്തിൽ ഉടൻ മാറ്റിസ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജ‍ൻെറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. പാലം നിർമാണംമൂലം യാത്രക്ലേശം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് അടിയന്തരപ്രാധാന്യം നൽകി ജെട്ടി മാറ്റിസ്ഥാപിക്കുന്നത്. കഴിയുന്നത്ര വേഗത്തിൽ പാലം നിർമാണം ആരംഭിക്കുമെന്നും ഏപ്രിലോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ തൃശൂർ, എറണാകുളം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലെ മുനമ്പത്തെയും തൃശൂർ ജില്ലയിലെ കയ്‌പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിക്കുന്ന പാലം സർക്കാറി‍ൻെറ രണ്ടാം 100ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്​. ത്വരിതഗതിയിലുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. യാത്രക്കും ടൂറിസത്തിനും തീർഥാടനത്തിനും ഏറെ സഹായകമാകുന്ന പാലം സഫലമാകുന്നതോടെ മേഖലയിലെ മത്സ്യവ്യവസായവും അഭിവൃദ്ധി പ്രാപിക്കും. സംസ്ഥാനത്തെതന്നെ ഏറ്റവും ഉയരമുള്ളതും ദീർഘവുമായ പാലങ്ങളിലൊന്നെന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി. തൃശൂർ കലക്ടറേറ്റ് വിഡിയോ കോൺഫറൻസ് റൂമിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഇ.ടി. ടൈസൻ എം.എൽ.എ, തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ്, തൃശൂർ കലക്ടർ ഹരിത വി. കുമാർ, കലക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി കലക്ടർമാർ, സ്​പെഷൽ തഹസിൽദാർമാർ, എൻജിനീയർ ഇ.ഐ. സജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.