റവന്യൂ വകുപ്പിലെ കരാർ നിയമനത്തിരെ പ്രതിഷേധവുമായി ജീവനക്കാർ

കാക്കനാട്: റവന്യൂ വകുപ്പിൽ ​ഡേറ്റ എൻട്രി / ക്ലറിക്കൽ തസ്തികകളിലേക്ക് കരാർ നിയമനം നടത്താനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി വില്ലേജ് ജീവനക്കാർ. ഭൂമിയുടെ തരം മാറ്റം ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്നതിനാണ് ആയിരത്തോളം പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചത്. സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ ഏറെ ഗൗരവമായ ജോലികൾക്ക് നിയമിക്കുന്നതിൽ പ്രതിഷേധം ഉന്നയിച്ചിരിക്കുകയാണ് കേരള സ്റ്റേറ്റ് റവന്യൂ വില്ലേജ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.വി.എസ്.ഒ). കോടിക്കണക്കിന് രൂപയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്. അറിവും അനുഭവസമ്പത്തും ഇല്ലാത്ത ഇവരുടെ സേവനം നിലവിലുള്ള ജീവനക്കാർക്ക് ഒരു ഭാരമായിത്തീരാനാണ് സാധ്യതയെന്നും പറയുന്നു. 20 വർഷത്തിലധികം സർവിസും 50,000 രൂപയിലധികം ശമ്പളവും വാങ്ങുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാർക്ക് ക്ലറിക്കൽ തസ്തികയിലേക്ക് പദവി ഉയർത്തി നൽകി ഒരു ചെലവുമില്ലാതെ പരിഹരിക്കാവുന്ന വിഷയത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കുന്നത് അഴിമതി നടത്താൻ വേണ്ടിയാണെന്നും വിമർശനമുണ്ട്. 2017ൽ ആരംഭിച്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റ അപ്ഗ്രഡേഷൻ നടപടികൾ ഇടതു സർവിസ് സംഘടനകളായ എൻ.ജി.ഒ യൂനിയനും ജോയന്റ് കൗൺസിലും തമ്മിലുള്ള തർക്കത്തി‍ൻെറ പേരിൽ ഇനിയും പൂർത്തിയായിട്ടില്ല. ഇരുസംഘടനയും തമ്മിലുള്ള മൂപ്പിളമ തർക്കമാണ് കരാർ നിയമനങ്ങളിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.