മാലിന്യം നീക്കാത്തതിനെതിരെ സമരംചെയ്ത പൊതുപ്രവർത്തകന് വധഭീഷണിയെന്ന്​ പരാതി

മട്ടാഞ്ചേരി: മാലിന്യനീക്കം നടത്താത്തതിനെതിരെ സമരംചെയ്ത സംഭവത്തിൽ പൊതുപ്രവർത്തകനുനേരേ കൗൺസിലറും മകനും ചേർന്ന് വധഭീഷണി മുഴക്കിയതായി പരാതി. കൊച്ചി ജനകീയവേദി കൺവീനർ എ. ജലാലാണ് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറയും മകനും ഭീഷണിപ്പെടുത്തിയതായി ഫോർട്ട്​കൊച്ചി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പ്രതിനിധാനം ചെയ്യുന്ന ഫോർട്ട്​കൊച്ചി ഒന്നാം ഡിവിഷനിൽ കടപ്പുറത്തോട് ചേർന്ന് കാനയിലെ ജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനെതിരെ ജലാൽ പ്രതിഷേധസമരം നടത്തുകയും വാർത്ത ഏറെ ശ്രദ്ധിക്കപ്പെടുകയും അടുത്ത ദിവസംതന്നെ മാലിന്യം നീക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കടപ്പുറത്ത് നിത്യവും കുളിക്കാനെത്തുന്ന തനിക്കെതിരെ വധഭീഷണി ഉയർത്തിയതെന്നാണ് ജലാൽ ആരോപിക്കുന്നത്. പൊതുപ്രവർത്തനം ഫോർട്ട്​കൊച്ചിയിൽ വേണ്ട മട്ടാഞ്ചേരിയിൽ മതിയെന്നും പറഞ്ഞതായി ജലാൽ ആരോപിച്ചു . എന്നാൽ, തന്‍റെ ബന്ധുവിന് ഫോർട്ട്​കൊച്ചിയിൽ പെട്ടിക്കട സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജലാൽ തന്നെ സമീപിക്കുകയും ആവശ്യം നിരസിച്ചതോടെ തന്നെ ജലാൽ ആക്രമിക്കാൻ വരുകയായിരുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറയുന്നത്. ആന്‍റണി കുരീത്തറയും ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോർട്ട്​കൊച്ചി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പൊതുപ്രവർത്തകർ ഇടപെടുകയും സമരം ചെയ്യുകയും പതിവാണെന്നും അതിൽ അസഹിഷ്ണുത പുലർത്തുകയല്ല പ്രശ്നപരിഹാരം കാണുകയാണ് ജനപ്രതിനിധി ചെയ്യേണ്ടതെന്ന് കൊച്ചി പൗരസമിതി പ്രസിഡന്‍റ്​ വേണുഗോപാൽ കെ. പൈ പറഞ്ഞു. ജനകീയ വിഷയങ്ങളിൽ പൊതുപ്രവർത്തകർ ഇടപെടുമ്പോൾ വധഭീഷണി മുഴക്കുന്ന രീതി ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ലെന്ന് ജങ്കാർ സംരക്ഷണ സമിതി പ്രസിഡന്‍റ്​ കെ.എ. മുജീബ് റഹ്​മാൻ പറഞ്ഞു. ജനകീയ സമരങ്ങൾ അടിച്ചമർത്താനുള്ള നീക്കം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.