കുന്നത്തുനാട് പൊലീസ് സ്​റ്റേഷനിലെ വാട്ടർ ടാങ്ക് പൊളിക്കും

കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനിലെ ഉപയോഗശൂന്യമായ വാട്ടര്‍ടാങ്ക് പൊളിച്ചുമാറ്റാന്‍ തീരുമാനം. ഇതേതുടര്‍ന്ന് പൊതുമരാമത്ത് ബില്‍ഡിങ്​ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറടക്കമുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ശോച്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ടാങ്ക് പൊളിക്കാനും സമീപത്തെ ഇടിഞ്ഞുപോയ മതിലും നിലവിലെ കിണറിന്റെ ചുറ്റുമതിലടക്കം പുതുക്കിപ്പണിയാനുമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പൊലീസുകാരെ അറിയിച്ചു. കാലപ്പഴക്കം മൂലം വീഴാറായ വാട്ടര്‍ ടാങ്കിനു കീഴെയുള്ള ഓഫിസിലാണ് പൊലീസ് സ്​റ്റേഷനുള്ളത്. 1982ല്‍ സ്‌റ്റേഷന്‍ നിര്‍മിച്ച കാലത്തുണ്ടാക്കിയതാണ് ടാങ്ക്. ക്വാര്‍ട്ടേഴ്സുകള്‍ പൊളിഞ്ഞു വീഴുന്ന സ്ഥിതിയിലെത്തിയപ്പോള്‍ പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. അന്ന് ടാങ്കിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പൊളിക്കാന്‍ നടപടിയുണ്ടായില്ല. ഓരോ ദിവസവും ടാങ്കിന്റെ അടിഭാഗത്തുനിന്ന് കോൺക്രീറ്റ്​പാളികള്‍ അടര്‍ന്നുവീഴുകയാണ്. സ്‌റ്റേഷനു സമീപം മള്‍ട്ടിപ്ലക്സ് തിയറ്ററുണ്ട്. തിയറ്ററിലേക്കെത്തുന്ന വഴിയുടെ സമീപമാണ് ടാങ്ക്. ഇതും അപകടഭീഷണി വർധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.