നഗരസഭ കൗൺസിൽ യോഗം: അംഗൻവാടി മാറ്റിയതിനെച്ചൊല്ലി പ്രതിഷേധം

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അംഗൻവാടി മാറ്റത്തെച്ചൊല്ലി നഗരസഭ കൗൺസിലിൽ പ്രതിഷേധം. മറ്റ് അജണ്ടകളെച്ചൊല്ലിയും ഇരുപക്ഷവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ഒടുവിൽ മുഴുവൻ അജണ്ടകളും ചർച്ച ചെയ്യാനാകാതെ പാസാക്കിയാണ് യോഗം പിരിഞ്ഞത്. വ്യാഴാഴ്ച രാവിലെ 11ഓടെ ഓൺലൈനിലായിരുന്നു യോഗം. ജനുവരി ആദ്യത്തിലാണ് നഗരസഭ വൈസ് ചെയർമാനായ എ.എ. ഇബ്രാഹീം പ്രതിനിധീകരിക്കുന്ന 36ാം വാർഡിൽ (കുടിമുക്ക്) പ്രവർത്തിച്ചിരുന്ന അംഗൻവാടി 41ാം വാർഡായ തോപ്പിൽ സൗത്തിലേക്ക് മാറ്റിയത്. നഗരസഭ അധികൃതരെ അറിയിക്കാതെയായിരുന്നു ഇത്. തന്റെ വാർഡിൽ എത്രയുംവേഗം അംഗൻവാടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുട്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി മുഖേന നൽകിയ അപേക്ഷ കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനിടെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനീറ ഫിറോസ് ഇക്കാര്യം ഉന്നയിക്കുകയായിരുന്നു. അംഗൻവാടി മാറ്റിയത് ക്ഷേമകാര്യ സമിതി അംഗങ്ങൾ അറിഞ്ഞത് ഫേസ്ബുക്ക്​ പോസ്റ്റുകളിലൂടെയായിരുന്നെന്നും ഇത് ശരിയായ നടപടിയല്ലെന്നും സുനീറ പറഞ്ഞു. സമിതി അംഗങ്ങളായ ഷിമി മുരളിയും സി.സി. വിജുവും സമാന ആരോപണങ്ങളുമായി എത്തി. എന്നാൽ, അംഗൻവാടി മാറ്റിയ സംഭവത്തിൽ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് 41ാം വാർഡ്‌ കൗൺസിലറായ ലിയ തങ്കച്ചൻ മറുപടി പറഞ്ഞു. നേരത്തെ മുതൽ തന്റെ വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിയാണ് ഏഴുവർഷം മുമ്പ് 36ാം വാർഡിലേക്ക് മാറ്റിയത്. തങ്ങളോട് ആലോചിച്ചായിരുന്നില്ല ഇതെന്നും അതുകൊണ്ട് ഇക്കാര്യം അറിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ലിയയുടെ വാദം. വൈസ് ചെയർമാന് അനുകൂലമായി യു.ഡി.എഫും ലിയ തങ്കച്ചന് പിന്നിൽ എൽ.ഡി.എഫും അണിനിരന്നതോടെ വലിയ ബഹളത്തിലേക്കും വാഗ്വാദത്തിലേക്കും മാറുകയായിരുന്നു. ഒടുവിൽ അംഗൻവാടിയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഐ.സി.ഡി.എസ് ഉദ്യോഗസ്ഥ പ്രിയയെ വിളിച്ചുവരുത്താനും ഇക്കാര്യത്തിൽ വിശദീകരണം തേടാനും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചു. നഗരസഭയിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ടും ഇരുപക്ഷവും തമ്മിൽ വാഗ്വാദം ഉണ്ടായി. ഉദ്യോഗാർഥികളുടെ കാലാവധി നീട്ടാൻ നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ മുൻകൂർ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ഒടുവിൽ എൽ.ഡി.എഫിലെ 18 കൗൺസിലർമാരുടെ വിയോജനക്കുറിപ്പോടെയാണ് അജണ്ട പാസാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.