ആധുനിക യന്ത്രങ്ങൾ വാങ്ങാൻ അനുമതി; പുതുപ്രതീക്ഷയിൽ എടക്കാട്ടുവയലിലെ സാനിറ്ററി നാപ്കിൻ യൂനിറ്റ്

കൊച്ചി: ഏറെക്കാലമായി നിർമാണം നിലച്ച എടക്കാട്ടുവയലിലെ സാനിറ്ററി നാപ്കിൻ നിർമാണ യൂനിറ്റിന്‍റെ നവീകരണത്തിന് സർക്കാർ അനുമതി. ഓട്ടോമാറ്റിക് യന്ത്രമുൾ​പ്പെടെ സ്ഥാപിക്കാനുള്ള ‍ഫണ്ടിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നൽകിയത്. ജില്ല പഞ്ചായത്ത്, ജില്ല കുടുംബശ്രീ മിഷൻ, എടക്കാട്ടുവയൽ കുടുംബശ്രീ യൂനിറ്റ് എന്നിവയുടെ സംയുക്ത സംരംഭമായി ആരംഭിച്ച വിന്നേഴ്സ് സാനിറ്ററി നാപ്കിൻ യൂനിറ്റിന് ഇതോടെ പുതുജീവൻ ലഭിക്കും. 2014 ഫെബ്രുവരിയിലായിരുന്നു ഉദ്ഘാടനം. യൂനിറ്റിനുകീഴിൽ വനിതകളുടെ കൂട്ടായ്മ വിപണിയിലെത്തിച്ച ക്യൂ ഡേയ്സ് എന്ന സാനിറ്ററി പാഡ് വിജയമായിരുന്നു. ഇതിനിടെയാണ് നാപ്കിൻ നിർമാണ യന്ത്രം കാലഹരണപ്പെട്ടത്. ഇതോടെ ഗുണനിലവാരം കുറയുകയും യൂനിറ്റ് നഷ്ടത്തിലാവുകയും ചെയ്തു. ആധുനിക രീതിയിലുള്ള മെഷീൻ വാങ്ങി യൂനിറ്റ് പുനരുജ്ജീവിപ്പിക്കുന്നതിന്​ 21 ലക്ഷം രൂപയുടെ പദ്ധതി സർക്കാറിന് സമർപ്പിച്ചിരുന്നു. കൂടാതെ, നിർമിച്ച നാപ്കിനുകൾ പാക്ക്​ ചെയ്യുന്നതിനുമുമ്പ് അണുമുക്തമാക്കാൻ 59,000 രൂപയുടെ സ്റ്റെറിലൈസർ വാങ്ങാനും ഈ ഉപകരണങ്ങൾ എത്തിച്ച് സ്ഥാപിക്കാനുമുള്ള ചെലവും ഫണ്ടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു യൂനിറ്റിന്​ മാത്രമായി ഇത്രയധികം തുക സബ്സിഡി നൽകാൻ ചട്ടമില്ലാത്തതിനാൽ പ്രത്യേക അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട് എറണാകുളം ജില്ല പഞ്ചായത്ത് അപേക്ഷ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ അനുകൂല റിപ്പോർട്ട് നൽകുകയായിരുന്നു. നൂതന യന്ത്രസാമഗ്രികളുപയോഗിച്ച് ഉൽപാദനം നടത്തുമ്പോൾ, ഉൽപന്നങ്ങളുടെ ഗുണമേന്മ വർധിക്കുകയും ചെലവ് കുറയുകയും മറ്റ് ഉൽപന്നങ്ങളുമായി കിടപിടിച്ച് വിപണി കൈയടക്കാൻ സാധിക്കുമെന്നുമാണ് കുടുംബശ്രീ എക്സി. ഡയറക്ടർ തദ്ദേശ സ്വയം‍ഭരണ വകുപ്പിന് റിപ്പോർട്ട് നൽകിയത്. തുടർന്ന്, വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പുതിയ യന്ത്രം വാങ്ങി യൂനിറ്റ് നവീകരിക്കാൻ തുക വിനിയോഗിക്കാനുള്ള അനുമതി നൽകുകയായിരുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ഉടൻ നിർമാണ യന്ത്രങ്ങൾ വാങ്ങി പ്രവർത്തനം പൂർവസ്ഥിതിയിലാക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ ഇവിടെ മറ്റ്​ സ്ഥാപനങ്ങളിൽനിന്ന്​ വാങ്ങിയ നാപ്കിൻ പാക്ക് ചെയ്യുന്ന പ്രവൃത്തി മാത്രമാണ് നടക്കുന്നത്. നഹീമ പൂന്തോട്ടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.