പൊലീസ് ഡ്രൈവർ വ്യാജപരാതി നൽകിയതായി ആക്ഷേപം  

ആലുവ: മതിൽ പൊളിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയയാൾക്കെതിരെ വ്യാജ പരാതി നൽകിയതായി ആക്ഷേപം. പൊലീസുകാരൻ മാതാവിനെക്കൊണ്ട് നിരന്തരം വ്യാജ പരാതി നൽകുന്നതായി ആരോപിച്ച് ആലുവ സ്വദേശി അബ്‌ദുൽനാസർ മുഖ്യമന്ത്രി, റൂറൽ എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. തോട്ടക്കാട്ടുകര സെമിനാരിപ്പടി ഭാഗത്തുള്ള കെട്ടിട ഉടമയാണ് പരാതിക്കാരൻ. ഈ കെട്ടിടത്തിനോട് ചേർന്ന് പിറകുവശത്തുള്ള വസ്തുവിന്‍റെ മതിൽ സമീപത്ത് താമസിക്കുന്ന പൊലീസ് ഡ്രൈവർ നിരന്തരം പൊളിച്ചിരുന്നതായി പരാതിക്കാരൻ ആരോപിക്കുന്നു. ഇതേതുടർന്ന് കാമറ സ്ഥാപിക്കുകയും വീണ്ടും കെട്ടിയ മതിൽ പൊളിക്കുന്ന രംഗം ഇതിൽ പതിയുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് റൂറൽ എസ്.പിക്ക് പരാതി നൽകിയതിനെത്തുടർന്ന് സി.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നേരിട്ട് അന്വേഷണം നടത്തി. അയൽവാസികളുടെയടക്കം മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ കേസും എടുത്തിരുന്നു. ഈ വിരോധത്താൽ പൊലീസ് ഡ്രൈവർ മാതാവിനെക്കൊണ്ട് നിരന്തരം പൊലീസിൽ പരാതികൾ നൽകിയതായാണ് അബ്‌ദുൽനാസർ ആരോപിക്കുന്നത്. മാതാവിനെ അസഭ്യം പറഞ്ഞെന്നും മറ്റും ആരോപിച്ച് വനിത സെല്ലിലടക്കം നൽകിയ പരാതികൾ, അന്വേഷണത്തിൽ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തള്ളിയിരുന്നതായും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അബ്‌ദുൽനാസർ ആരോപിക്കുന്നു. ഇതേതുടർന്ന് പൊലീസ് ഡ്രൈവർ മാതാവിനെക്കൊണ്ട് വീണ്ടും എസ്.പിക്ക് പരാതി നൽകുകയും അതിന്മേൽ ആലുവ പൊലീസ് അബ്‌ദുൽനാസറിനെതിരെ എഫ്.ഐ.ആർ ഇടുകയും ചെയ്തു. ഇതേതുടർന്നാണ് നീതിക്കായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.