അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽ ചരക്കുനീക്കം മന്ദഗതിയിൽ

അങ്കമാലി: അട്ടിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നിസ്സഹകരണം ആരംഭിച്ചതിനാൽ അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള ചരക്കുനീക്കം മന്ദഗതിയിൽ. നിസ്സഹകരണം നീണ്ടാൽ ജില്ലയിലെ റേഷൻ വിതരണം അവതാളത്തിലാകും. ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും ഇടുക്കിയിലേക്കും അരിയും ഗോതമ്പും കയറിപ്പോകുന്ന പ്രധാന ഗോഡൗണുകളിലൊന്നാണിത്​. തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചതോടെ ഏതാനും ദിവസമായി പേരിന് മാത്രമാണ് ഭക്ഷ്യവസ്തുക്കൾ കയറിപ്പോകുന്നത്. ശനിയാഴ്ചയും തിങ്കളാഴ്ചയും അരി മാത്രം എട്ടുലോഡ് വീതമാണ് കയറിപ്പോയത്. ഒരു ലോഡിന് 750 രൂപ വീതം കരാറുകാർ തൊഴിലാളികൾക്ക് അട്ടിക്കൂലിയായി നൽകാറുണ്ട്. ഇക്കഴിഞ്ഞ 31നുശേഷം അട്ടിക്കൂലി നൽകുന്നില്ല. ഇതേതുടർന്നാണ് ഈ മാസം ഒന്നുമുതൽ തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചത്. പാലക്കാട് സ്വദേശിയായ കരാറുകാരൻ അട്ടിക്കൂലിക്കെതിരെ കോടതിയെ സമീപിച്ച് അനുകൂല സ്റ്റേ വാങ്ങിയതാണ് കൂലി നൽകാതിരിക്കാൻ കാരണമായതെന്നാണറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.