കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾ നേത്രചികിത്സക്ക്​ കൂത്താട്ടുകുളത്ത്

കൂത്താട്ടുകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകൾ റോസ് മേരി കണ്ണിന്‍റെ തുടർ ചികിത്സക്കായി കൂത്താട്ടുകുളം നേത്രചികിത്സ കേന്ദ്രത്തിൽ എത്തി. തിങ്കളാഴ്ചയാണ് കൂത്താട്ടുകുളം ഹൈസ്കൂൾ ഗ്രൗണ്ടിലൊരുക്കിയ ഹെലിപ്പാഡിൽ മാതാപിതാക്കളോടൊപ്പം വന്നിറങ്ങിയത്. കെനിയൻ മുൻ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമൊരുക്കി ശ്രീധരീയം അധികൃതർ സ്വകാര്യ വാഹനത്തിൽ നേത്ര ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 2019-ലാണ് നേത്രചികിത്സക്ക് ശ്രീധരീയത്തിൽ എത്തിയത്. ചീഫ് ഫിസിഷ്യൻ ഡോ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുമാസക്കാലം റോസ്‌ മേരി ചികിത്സ നടത്തിയിരുന്നു. അന്നത്തെ ചികിത്സയുടെ ഫലമായി കാഴ്ച ലഭിച്ചതിന്റെ സന്തോഷവുമായാണ് കുടുംബസമേതം റോസ്​ മേരി എത്തിയതെന്ന് ശ്രീധരീയം ഐ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി പറഞ്ഞു. 2017ലുണ്ടായ രോഗത്തെ തുടർന്നാണ്​ റോസ്​ മേരിക്ക് കാഴ്ച ഏതാണ്ട് പൂർണമായി നഷ്​ടപ്പെട്ടത്. മറ്റ് രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലും പിന്നീട് നടത്തിയ ചികിത്സകൾ ഫലം കണ്ടില്ല. ഒടുവിൽ ആയുർവേദ നേത്ര ചികിത്സയുടെ പെരുമ അറിഞ്ഞ് ശ്രീധരീയം ആയൂർവേദ ആശുപത്രിയിൽ എത്തുകയായിരുന്നു. റോസ് മേരിയും കുടുംബവും ഏതാനും ദിവസം കൂത്താട്ടുകുളത്ത് ഉണ്ടാകുമെന്ന് ശ്രീധരീയം ചീഫ് ഫിസിഷ്യൻ ഡോ. എൻ.നാരായണൻ നമ്പൂതിരി പറഞ്ഞു. ചിത്രം: ഹെലികോപ്​ടറിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ റോസ്​ മേരി ഒഡിംഗയെയും കുടുംബത്തെയും സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.