പരീക്ഷഭവനിലെ തിരിമറി: ജുഡീഷ്യൽ അന്വേഷണം നടത്തണം-എം.കെ. മുനീർ

കോഴിക്കോട്​: സർട്ടിഫിക്കറ്റ് നൽകാൻ കാലിക്കറ്റ് സർവകലാശാല പരീക്ഷഭവനിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മുസ്‍ലിം ലീഗ് നിയമസഭ പാർട്ടി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ പരാതി ലഭിച്ച് മാസങ്ങൾക്കുശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത് എന്നതിൽ ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ച് സർവകലാശാലയിൽ നടന്ന രണ്ട് അന്വേഷണത്തിലും വ്യാജ ചലാൻ ലോബിയെ കുറിച്ചാണ് സൂചന. ഇക്കാര്യം 2019ൽ തന്നെ പലരും യൂനിവേഴ്സിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. പക്ഷേ അധികാരികൾ ഇത് അവഗണിച്ചു. നാണക്കേട് വന്നതിനുശേഷമാണ് പേരിനു പോലും അന്വേഷണം നടത്തിയത്. വ്യാജ ചലാൻ ഉപയോഗം കോടിക്കണക്കിന് രൂപയാണ് യൂനിവേഴ്സിറ്റിക്ക് നഷ്ടം ഉണ്ടാക്കുന്നത്. അധ്യാപക നിയമനത്തിലെ അഴിമതി, സംവരണ അട്ടിമറി, ഫാൾസ് നമ്പർ ഇല്ലാതെ ഉത്തര ക്കടലാസ് മൂല്യനിർണയം നടത്തൽ, പരീക്ഷ ഉത്തരക്കടലാസുകളും ടാബുലേഷൻ രജിസ്റ്ററുകളും കാണാതാവൽ, പരീക്ഷ ഭവൻ സോഫ്റ്റ് വെയറിന്റെ ബാക്ക് എന്റിൽ തിരിമറി നടത്തൽ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടത്തണമെന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു. പരീക്ഷ സമ്പ്രദായം തകർക്കാൻ അനുവദിക്കില്ല - കെ.പി.സി.ടി.എ. കോഴിക്കോട്​: ഇടതുപക്ഷ സിൻഡിക്കേറ്റും വൈസ് ചാൻസലറും കാലിക്കറ്റ്​ സർവകലാശാലയുടെ പരീക്ഷസമ്പ്രദായം തകർത്തു കളഞ്ഞതായും ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ.)സർവകലാശാല മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. രണ്ടാം സെമസ്റ്ററിലെ ഉത്തരക്കടലാസുകൾ കാണാതായത്​ ഗുരുതര അവസ്ഥയാണ്​. പെട്ടെന്ന് ഫലം പ്രഖ്യാപിക്കാനാണ് ഫാൾസ് നമ്പറിങ് രീതി ഒഴിവാക്കിയതെന്നാണ് അധികൃതർ വിശദീകരിച്ചത്. ഫലം വന്നില്ലെന്ന് മാത്രമല്ല, ഉത്തരക്കടലാസുകൾ കാണാനില്ലെന്നത് സൽപ്പേരിനെ കളങ്കപ്പെടുത്തി. കുട്ടികളും രക്ഷിതാക്കളും ഇതിനെതിരെ രംഗത്ത് വരണമെന്നും ഇത്തരം പ്രവണതകൾ തുടച്ചു നീക്കാൻ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി അറിയിച്ചു. മേഖല പ്രസിഡന്റ് ഡോ. ടി.കെ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡോ. ഇ.എഫ്. വർഗീസ്, ഡോ. എൻ.കെ. മുഹമ്മദ് അസ്‍ലം, ഡോ. ബിജു ജോൺ, ഡോ. വി.ജി. പ്രശാന്ത്, പ്രഫ. സി. അഷ്റഫ്, ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ , ഡോ. ഷിബി എം. ജോസഫ്, ഡോ. അഖിൽ , പ്രഫ. സുൽഫി, ഡോ. കെ.ജെ. വർഗീസ്, ഡോ. രഞ്ജിത്ത്, ഡോ. ജോഷി, ഡോ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.