ഗോശ്രീ പാലത്തിൽ പോത്തുകളുടെ വിളയാട്ടം; നടപടിയെടുക്കാതെ അധികൃതർ

വൈപ്പിൻ: ഗോശ്രീ പാലത്തിൽ പോത്തുകള്‍ അലഞ്ഞു നടക്കുന്നത് അപകടത്തിനിടയാക്കുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ഗോശ്രീ ഒന്നാം പാലത്തില്‍ വാഹനമിടിച്ച്​ ഒരു പോത്തിനെ ചത്ത നിലയിൽ കാണപ്പെട്ടിരുന്നു. ആര് നീക്കം ചെയ്യണമെന്നതിനെ ചൊല്ലി മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ തമ്മില്‍ തര്‍ക്കം വന്നതോടെ ഏറെ വൈകിയാണ് പോത്തിനെ എൽ.എന്‍.ജി പാലത്തിന്​ സമീപം മറവുചെയ്തത്. പുതുവൈപ്പ്, വല്ലാർപാടം എന്നിവിടങ്ങളിൽ നിന്നുമെത്തുന്ന പോത്തുകളാണ് പാലത്തിൽ അപകടം സൃഷ്ടിക്കുന്നത്. വാഹനങ്ങള്‍ വരുമ്പോള്‍ ഇവ പരിഭ്രമിച്ചോടും. രാത്രിയും പകലും ഇത്തരത്തില്‍ പോത്തുകള്‍ ഗോശ്രീ പാലത്തിൽ വാഹനത്തിനു കുറുകെ ചാടി യത്രക്കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. എല്ലാ പോത്തുകൾക്കും ഉടമസ്ഥരുണ്ടെങ്കിലും അപകടം നടന്നാൽ പോത്തുകൾ അനാഥരാകുന്ന അവസ്ഥയാണ്. പാലത്തിൽ വഴിവിളക്കുകൾ കത്താത്തതും അപകടത്തി‍ൻെറ ആക്കം കൂട്ടുന്നു. പാലത്തിൽ ഇരുട്ടായതിനാൽ റോഡ് കുറുകെകടക്കുന്ന കന്നുകാലികളെ ഡ്രൈവർമാർക്ക്​ കാണാൻ കഴിയുന്നില്ല. ഗോശ്രീ ഒന്നാം പാലത്തിൽ മാത്രമാണ് തെരുവ് വിളക്ക് തെളിയുന്നത്. രണ്ട്​, മൂന്ന്​ പാലങ്ങൾ വർഷങ്ങളായി ഇരുട്ടിലാണ്. ഈ പാലങ്ങളിൽ വിളക്കുകൾ തെളിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടും ഗോശ്രീ ദ്വീപ് വികസന അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.