ഫിഷറീസ് ഹാർബർ സ്വകാര്യവത്​കരണം: പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ സ്വകാര്യവത്​കരണത്തിനുള്ള തുറമുഖ ട്രസ്റ്റിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഹാർബർ സംരക്ഷണ സമിതി തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ സമരം ചെയ്യാനും തുറമുഖ ട്രസ്റ്റ് ചെയർപേഴ്സന് നിവേദനം നൽകാനും സമിതി തീരുമാനിച്ചു. പോർട്ട് അധികൃതർ വ്യാഴാഴ്ച വിളിച്ചുചേർത്ത സൂം മീറ്റിങ്ങിൽ സംരക്ഷണ സമിതി ഭാരവാഹികൾ പങ്കെടുത്തെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നേരിട്ടുള്ള യോഗം വിളിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. എം.പി, എം.എൽ.എ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സന്‍റെ സാന്നിധ്യത്തിൽ യോഗം വിളിക്കണം. അതേസമയം, ഹാർബർ ടോൾ സ്വകാര്യവത്​കരണം കേന്ദ്രസർക്കാറിന്‍റെ തീരുമാനമാണെന്നും തുറമുഖ ട്രസ്റ്റിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്നും യോഗത്തിൽ പങ്കെടുത്ത സമിതി ഭാരവാഹികൾ വ്യക്തമാക്കി. യോഗത്തിൽ തുറമുഖ ട്രസ്റ്റ് ചീഫ് എൻജിനീയർ പി.തുറൈ പാണ്ഡ്യൻ, സംരക്ഷണ സമിതി ഭാരവാഹികളായ എ.എം. നൗഷാദ്, ബി. ഹംസ, സിബി പുന്നൂസ്, ജാക്സൻ പൊള്ളയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.