ദിലീപിന്‍റെ ഫോണുകൾ ഫോറൻസിക്​ പരിശോധനക്ക് അയക്കണമെന്ന് ക്രൈംബ്രാഞ്ച്

ആലുവ: നടൻ ദിലീപിന്‍റെ ഫോണുകൾ ഫോറൻസിക്​ പരിശോധനക്ക് അയക്കണമെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക്​ അയക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ്​ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നൽകിയത്​. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈകോടതി നിർദേശിച്ചിരുന്നു. കോടതിയിൽ എത്തിച്ച ഇവ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം ആവശ്യപ്പെടുമെന്നാണ് കരുതിയിരുന്നത്‌. ഇതിന്​ അപേക്ഷ നൽകിയാൽ ദിലീപ് എതിർക്കാനിടയുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഫോറൻസിക് പരിശോധനക്ക് അയക്കാൻ അന്വേഷണസംഘം അപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകളിൽനിന്ന് തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ദിലീപിന്‍റെ ഫോണുകൾ തുറക്കാനുള്ള പാറ്റേണുകൾ അഭിഭാഷകർ മുഖേന ആലുവ മജിസ്ട്രേറ്റ് കോടതിക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ഫോണുകൾ കോടതിയില്‍ തുറക്കുന്നതിനെ പ്രതിഭാഗം എതിർത്തു. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തില്‍ ഫോണുകളുടെ പാറ്റേണ്‍ ലോക്ക് തുറക്കണമെന്ന് അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഫോണുകള്‍ കോടതിയില്‍വെച്ച് തുറന്നാല്‍ കൃത്രിമത്വം നടത്തുന്നതിന് സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. സീല്‍ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേണ്‍ തെറ്റാണെങ്കില്‍ ഫലം വൈകുമെന്ന്​ അന്വേഷണ സംഘത്തിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഫോണുകള്‍ ഹൈകോടതിയില്‍ വെച്ച് ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. അതാണ്​ സൈബര്‍ വിദഗ്ധര്‍പോലുമില്ലാതെ തുറക്കാന്‍ പോകുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇതേതുടർന്ന് കേസിലെ മുഴുവന്‍ പ്രതികളുടെയും അഭിഭാഷകര്‍ ഹാജരാകുന്നതിന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.