പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് വീതികൂട്ടി പുനര്‍നിർമിക്കും

പള്ളിക്കര: വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടന്ന പിണര്‍മുണ്ട-ഇന്‍ഫോപാര്‍ക്ക് റോഡിന്​ ശാപമോക്ഷമാകുന്നു. ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ട റോഡ് പൂര്‍ണമായി നവീകരിക്കാന്‍ തീരുമാനിച്ചു. കുന്നത്തുനാട്ടിലെ പെരിങ്ങാല, പിണര്‍മുണ്ടയില്‍ തുടങ്ങി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്. ഇതില്‍ ഇന്‍ഫോ പാര്‍ക്കിന്റെ പരിധിയില്‍ വരുന്ന 1.3 കിലോമീറ്ററില്‍ ചെറുവാഹനങ്ങള്‍ക്കടക്കം കടന്നുപോകാന്‍ പറ്റാത്ത വിധം വളവും തിരിവുമായി കിടക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള യാത്ര നാട്ടുകാര്‍ ഒഴിവാക്കിയിരുന്നു. കാക്കനാടുനിന്ന്​ കോലഞ്ചേരി, കിഴക്കമ്പലം മേഖലയിലേക്കുള്ള എളുപ്പവഴിയുമാണിത്. പി.വി. ശ്രീനിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്‍ഫോ പാര്‍ക്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്‍ഫോപാര്‍ക്ക് ഏറ്റെടുത്ത പഞ്ചായത്ത് റോഡിനു പകരമായി പഞ്ചായത്തിന് നല്‍കിയ റോഡിൽ സുഗമമായ ഗതാഗത സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. റോഡ് വീതികൂട്ടി പുനര്‍നിര്‍മിക്കും. ഇതിനായി സർവേ ഉടൻ ആരംഭിക്കും. മണ്ഡലത്തിലെ തൊഴില്‍രഹിതരായ യുവജനങ്ങക്കള്‍ക്കുവേണ്ടി ജോബ് ഫെയര്‍ നടത്താനും മണ്ഡലത്തിലെ കോഓപറേറ്റിവ് ബാങ്കുമായി സഹകരിച്ച് ഇന്‍ഫോപാര്‍ക് കേന്ദ്രീകരിച്ച് കുന്നത്തുനാട്ടിലെ കര്‍ഷകര്‍ ഉണ്ടാക്കുന്ന ഉൽപന്നങ്ങള്‍ വിറ്റഴിക്കാൻ വിപണനകേന്ദ്രം തുടങ്ങാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ജോണ്‍ എം. തോമസ്, പഞ്ചായത്ത്​ അംഗങ്ങളായ നിസാര്‍ ഇബ്രാഹിം, എം.ബി. നവാസ്, ഇന്‍ഫോപാര്‍ക് ലെയ്‌സണ്‍ ഓഫിസര്‍ ദിനേശ്, റെജി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.