പിറവത്ത്​ സൂപ്പർ മാർക്കറ്റിന്​ തീപിടിച്ചു; രണ്ടരക്കോടിയോളം രൂപയുടെ നഷ്​ടം

പിറവം: പിറവം മാർക്കറ്റ് റോഡിലുള്ള കാർത്തിക സൂപ്പർ മാർക്കറ്റിന് അഗ്​നിബാധ. ഞായറാഴ്ച വൈകീട്ട് ആറോടെയുണ്ടായ തീപിടിത്തത്തിൽ കടയും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. രണ്ടര കോടിയോളം രൂപയുടെ നഷ്​ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഞായറാഴ്​ച വൈകീട്ട് ആ​േറാടെയായിരുന്നു സംഭവം. ഞായറാഴ്ചയായതിനാൽ കടയിൽ തിരക്ക്​ കുറവായിരുന്നു. ജീവനക്കാരും കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കടക്കുള്ളിൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വെൽഡിങ്​ ജോലിക്കിടെയാണ് അഗ്​നിബാധയുണ്ടായതെന്ന്​ പ്രാഥമികാന്വേഷണം നടത്തിയ പിറവം പൊലീസ് വ്യക്തമാക്കി. അഗ്​നിബാധയെത്തുടർന്ന് നാട്ടുകാരായ യുവാക്കൾ ഓടിയെത്തിയെങ്കിലും ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചതുമൂലം അടുക്കാനായില്ല. ഉടൻ പിറവം അഗ്​നിരക്ഷാസംഘം എത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് കൂത്താട്ടുകുളം, രാമമംഗലം പുത്തൻകുരിശ്, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം എന്നിവിടങ്ങളിൽനിന്ന്​ അഗ്​നിരക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ എത്തി രണ്ടുമണിക്കൂർ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തുള്ള കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാനായതുമൂലം വൻ ദുരന്തം ഒഴിവാക്കാനായി. അഗ്​നിരക്ഷാ​സേനയോടൊപ്പം തീയണക്കാൻ ചേർന്ന രണ്ട്​ യുവാക്കൾക്ക് പരിക്കേറ്റതിനെത്തുടർന്ന്​ ആശുപത്രിയിലാക്കി. പിറവം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. രാത്രി 10 മണിക്കും അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ പൂർണമായും തീയണഞ്ഞതായി ഉറപ്പുവരുത്താനുള്ള ശ്രമം തുടരുകയാണ്. EM PRM super market പിറവം മാർക്കറ്റ് റോഡിൽ കാർത്തിക സൂപ്പർ മാർക്കറ്റിലുണ്ടായ അഗ്​നിബാധയെത്തുടർന്ന് തീയണക്കാൻ അഗ്​നിരക്ഷാസേനയും നാട്ടുകാരും ശ്രമിക്ക​ുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.