വാട്ടർ മെട്രോ നിർമാണത്തിന്​ നോക്കുകൂലി: പൊലീസ്​ സംരക്ഷണ ഹരജിയിൽ നോട്ടീസ്​

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ട്രേഡ് യൂനിയനുകൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ വാട്ടർ മെട്രോ നിർമാണത്തിന്​ പൊലീസ്​ സംരക്ഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. നോക്കുകൂലിയുടെ പേരിൽ വാട്ടർ മെട്രോ വൈപ്പിൻ മേഖലയിലെ നിർമാണപ്രവർത്തനം നിലച്ചെന്ന്​ ചൂണ്ടിക്കാട്ടി കരാറുകാരായ മൂവാറ്റുപുഴ മേരി മാത ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നൽകിയ പൊലീസ്​ സംരക്ഷണ ഹരജിയിലാണ്​ ഡിവിഷൻബെഞ്ച്​ എതിർകക്ഷികൾക്ക് അടിയന്തര നോട്ടീസ് ഉത്തരവായത്​. ഹരജി വീണ്ടും വ്യാഴാഴ്​ച പരിഗണിക്കും. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് വൈപ്പിനിലെ നിർമാണപ്രവർത്തനം തടയുന്നതെന്നും ഇവർ സൈറ്റി​ൻെറ ചുമതലക്കാരനെ ഉപദ്രവിച്ചെന്നും ഹരജിയിൽ പറയുന്നു. ഫെബ്രുവരി 22ന് പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ കൊച്ചി വാട്ടർ മെട്രോയുടെ നിർമാണം ഫെബ്രുവരി രണ്ടാം വാരത്തോടെ പൂർത്തിയാക്കേണ്ടതുണ്ട്​. യൂനിയൻ പ്രവർത്തകർ നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.