തുറമുഖ സ്വകാര്യവത്​കരണം: തൊഴിലാളി സംഘടനകൾ ഒരുമിക്കണം -തപൻ സെൻ

മട്ടാഞ്ചേരി: തുറമുഖങ്ങളുടെ സ്വകാര്യവത്​കരണം പ്രതിരോധിക്കാൻ മുഴുവൻ തൊഴിലാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തി പോരാടണമെന്ന്‌ സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ. ഇതിനായി തുറമുഖങ്ങളിലെ സ്ഥിരം, കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സംഘടിപ്പിച്ച്‌ പ്രക്ഷോഭങ്ങൾ നടത്തണം. ഇത്തരം പ്രതിരോധം ഉയർത്തിയാൽ മാത്രമേ തുറമുഖങ്ങളെ സ്വകാര്യവത്​കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയെ പരാജയപ്പെടുത്താനാവൂ. മാർച്ചിൽ നടന്ന ദ്വദിന ദേശീയ പണിമുടക്കിൽ അണിനിരന്നവരിൽ 35 ശതമാനം അസംഘടിത തൊഴിലാളികളാണെന്നും തപൻ സെൻ പറഞ്ഞു. വാട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ വർക്കിങ്‌ കമ്മിറ്റി യോഗം തോപ്പുംപടിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരളത്തിലുണ്ടായ തൊഴിലാളി പ്രതിരോധം മാതൃകയാണ്‌. ബി.പി.സി.എൽ വിൽപനക്കായി കരാറുകൾ ക്ഷണിച്ചെങ്കിലും തൊഴിലാളി സമരത്തിന്റെ ശക്തിക്ക്​ മുന്നിൽ അതെല്ലാം പിൻവലിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ പ്രസിഡന്റ്‌ സി. ഡി. നന്ദകുമാർ അധ്യക്ഷത വഹിച്ചു . ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ കെ. ചന്ദ്രൻപിള്ള, സെക്രട്ടറി ആർ. റസ്സൽ, ജനറൽ സെക്രട്ടറി ടി. നരേന്ദ്ര റാവു, എ. കൃഷ്‌ണമൂർത്തി, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.