കു​ത്തി​യ​തോ​ട്​ കനാൽ

കുത്തിയതോടിനും പറയാനുണ്ട്, 'പെരുമ'യുടെ കഥ

അരൂർ: ജില്ലയിലെ ഏറെ ചരിത്രപ്രാധാന്യമേറിയ സ്ഥലമാണ് കുത്തിയതോട്. സ്വാതന്ത്ര്യത്തിനുമുമ്പ് ഇവിടെ സന്ദർശിച്ച മഹാത്മാഗാന്ധിക്ക് സമർപ്പിച്ച ഗാന്ധിജിയുടെ സ്മാരകം ഇപ്പോഴും കുത്തിയതോട് പഞ്ചായത്ത് ഓഫിസിലുണ്ട്. ഗാന്ധിജി അന്തിയുറങ്ങിയ സ്ഥലമാണിത്. ഗാന്ധിപ്രതിമ സ്ഥാപിച്ച് പഞ്ചായത്ത് ഓഫിസ് ഗാന്ധി സ്മാരകമായി മാറിയിരിക്കുകയാണ്. പടിഞ്ഞാറ് കടൽത്തീരം മുതൽ കിഴക്കോട്ട് വേമ്പനാട്ടുകായൽത്തീരം വരെ കുത്തിയതോട്, വല്ലേത്തോട്, പറയകാട്, നാലുകുളങ്ങര, പള്ളിത്തോട്, ചാപ്പക്കടവ്, തിരുമലഭാഗം, തഴുപ്പ്, തുറവൂർ നോർത്ത്, വളമംഗലം നോർത്ത് എന്നിവയാണ് പഞ്ചായത്തിന്‍റെ കീഴിലുള്ള പ്രദേശങ്ങൾ.

ദേശീയപാതക്ക് ഇരുഭാഗത്തുമായാണ് പഞ്ചായത്ത് പ്രദേശങ്ങൾ വ്യാപിച്ചുകിടക്കുന്നത്.ദേശത്തിന് കുത്തിയതോട് എന്ന പേര് കിട്ടിയത് തിരുവിതാംകൂറിന്‍റെ രാജഭരണകാലത്തെ വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ജലഗതാഗതമാണ്. തിരുവിതാംകൂറിന്‍റെ രാജഭരണകാലത്തുണ്ടായ വറുതിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് തഴുപ്പ് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുതോട് കുഴിക്കാൻ തീരുമാനിച്ചു.

ജോലിക്ക് കൂലി ഭക്ഷണം എന്ന വ്യവസ്ഥയിൽ കുത്തിയ (കുഴിച്ച)+ തോട് (കനാൽ) എന്നതിൽനിന്നാണ് 'കുത്തിയതോട്' എന്ന പേര് വന്നതെന്നാണ് അനുമാനം.കായലുകളും തോടുകളും സമൃദ്ധമായിരുന്ന പഴയകാലത്ത് ഗതാഗതത്തിന് കൂടുതലായും ആശ്രയിച്ചിരുന്നത് വള്ളങ്ങളെയാണ്. സാധനങ്ങൾ കടത്തുന്നതിന് വലിയ കേവുവള്ളങ്ങളെയും.പണ്ടുകാലത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളായിരുന്ന കുത്തിയതോടെന്ന ചെറുഗ്രാമത്തിന് ഈപേരും പെരുമയും നേടിക്കൊടുത്തത് ഒരു തോടാണ്. കുത്തിയതോടെന്ന പേരിന്‍റെയും നാടിന്റെയും ചരിത്രത്തിന് രാജഭരണ കാലത്തോളം പഴക്കമുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽനിന്ന് ചരക്ക് കയറ്റിയ വലിയ വള്ളങ്ങൾ അഥവ കേവ് വള്ളങ്ങൾ കടന്നുപോയിരുന്നത് വേമ്പനാടുകായലിന്‍റെ കൈവഴിയായ ഉളവയ്പ് കായലിലൂടെയായിരുന്നു.ഉളവയ്പ്പിൽനിന്ന് വടക്കോട്ടുള്ള യാത്രയിൽ കാറ്റും കോളും വള്ളങ്ങൾക്ക് ഭീഷണിയായിരുന്നു. ഇതുമൂലം കൊച്ചിയിലെത്താൻ കാലതാമസവും നേരിട്ടു. ഇത് വ്യാപാരത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് മറ്റൊരു ജല മാർഗത്തെക്കുറിച്ച് ചിന്തിച്ചത്.കൈതപ്പുഴ കായലിന്‍റെ കൈവഴി പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്നതായി തിരിച്ചറിഞ്ഞ് അധികാരികൾ, വലിയതോട് കുത്തിയുണ്ടാക്കി കായലുകളെ ബന്ധിപ്പിച്ചു.

ചരക്കുവള്ളങ്ങളുടെയും യാത്രക്കാരെ കയറ്റുന്ന വള്ളങ്ങളുടെയും യാത്ര പിന്നീട് 'കുത്തിയതോട്' വഴിയായി. വ്യാപാരത്തിന് വളരെയേറെ സഹായകമായ വലിയതോട് കുത്തി ഉണ്ടാക്കിയതിനാൽ പിൽക്കാലത്ത് ഈ ഗ്രാമത്തിന് കുത്തിയതോടെന്ന പേര് ലഭിച്ചു.മറ്റു നാട്ടുരാജ്യങ്ങളിൽനിന്ന് വള്ളങ്ങളിൽ കൊണ്ടുവന്ന ചരക്കുകളുടെ ചുങ്കം പിരിക്കാൻ സ്ഥാപിച്ചിരിന്ന ചൗക്കയുടെ അവശിഷ്ടങ്ങളും ഓടുമേഞ്ഞ പഴയ കച്ചവടസ്ഥാപനങ്ങളും തോടിന്‍റെ ഇരുവശത്തും ഇപ്പോഴുമുണ്ട്. രാജഭരണകാലത്തെ നഷ്ടപ്രതാപങ്ങളുടെ ഓർമകൾ ഓളംവെട്ടുന്ന കുത്തിയതോട്ടിലൂടെ വിനോദസഞ്ചാരികൾ ജലയാനത്തിൽ ഒഴുകുന്നത് പുത്തൻകാഴ്ചയാണ്.

Tags:    
News Summary - The historical story of kuthiyathod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.