തൃക്കുന്നപ്പുഴ പ്രണവം നഗർ ഭാഗത്ത്​ കടൽഭിത്തിയും കടന്ന്​ അടിച്ചുകയറുന്ന തിരമാല

ജില്ലയിൽ കടൽക്ഷോഭം രൂക്ഷം: തീരം വിറപ്പിച്ച് കടൽ

ആലപ്പുഴ: ജില്ലയുടെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മുതൽ പുന്നപ്രവരെയുള്ള പ്രദേശം, കടക്കരപ്പള്ളി, ഒറ്റമശേരി എന്നിവിടങ്ങളിലാണ് രൂക്ഷമായ കടൽക്ഷോഭം.ആറാട്ടുപുഴ വലിയഴീക്കലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനിലും കടൽഭിത്തി മണ്ണിനടിയിലായതോടെ തീരദേശ റോഡിൽവരെ കടൽ കയറുന്ന അവസ്ഥയാണ്. വലിയഴീക്കലിൽ ഏതാനും ആഴ്ചകളായി റോഡിൽ‌ മണ്ണ് മൂടി ഗതാഗതം തടസ്സപ്പെടുന്നുണ്ട്.

മേഖലയിൽ ജിയോബാഗ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെങ്കിലും സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ഇനിയും പ്രാരംഭ നടപടി പോലുമായിട്ടില്ല. കലക്ടറുടെ അടിയന്തര ഫണ്ടും ഇക്കുറി ലഭിച്ചില്ല. തോട്ടപ്പള്ളിക്കും പുന്നപ്രക്കും ഇടയിൽ ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല, പുറക്കാട് കരൂർ, കാക്കാഴം, നീർക്കുന്നം, വണ്ടാനം, ചള്ളി തീരത്താണ് ഞായറാഴ്ച വൈകീട്ട് കടൽ കയറിയത്. മിക്ക വീടുകളിലും അ‌ടുക്കളയിൽവരെ വെള്ളം കയറി.

ഒറ്റമശ്ശേരിയിൽ കടൽക്ഷോഭത്തിലും കാറ്റിലും തെങ്ങുകൾ കടപുഴകി. ഇരുപതോളം വീടുകൾ സുരക്ഷ ഭീഷണിയിലാണ്. കടൽവെള്ളം വീടുകളുടെ മുറ്റത്തും റോഡിലും ഒഴുകിയെത്തുന്നുണ്ട്. താൽക്കാലിക പരിഹാരമായി കരിങ്കല്ലുകൾ ഇറക്കി തീരം സംരക്ഷിക്കാൻ 22ന് ചേർന്ന മന്ത്രിസഭ യോഗം 95 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ കല്ലിട്ട് തുടങ്ങിയിട്ടില്ല. അമ്പലപ്പുഴയുടെ തീരദേശവും കടലേറ്റക്കെടുതിയിൽ വലയുകയാണ്. പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ തീരത്താണ് കെടുതികളേറെ.

വാസുദേവപുരം, പുത്തൻനട, മാത്തേരി, ആനന്ദേശ്വരം, പുന്തല പ്രദേശങ്ങളിൽ കടൽഭിത്തിയോടടുത്തുള്ള വീടുകളുടെ ശൗചാലയങ്ങൾ കടലേറ്റത്തിൽ തകർന്നു. ഇവിടെ കടൽഭിത്തി ഏതുനിമിഷവും തകരാൻ ഇടയുണ്ട്. ദേശീയപാതക്കും ഇതുഭീഷണിയാണ്.

കാലവർഷത്തിനൊപ്പമുള്ള കടലേറ്റം ഏതാനും ദിവസങ്ങളായി തീരദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. അമ്പലപ്പുഴ വളഞ്ഞവഴി, കാക്കാഴം തീരങ്ങളിൽ ഒട്ടേറെ ഫലവൃക്ഷങ്ങൾ കടപുഴകി. കാലവർഷത്തിനു മുന്നോടിയായി കടൽഭിത്തി ബലപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകാതിരുന്നതാണ് കെടുതികൾ രൂക്ഷമാക്കിയത്. പുറക്കാട് തീരത്ത് മൂന്നുതവണവരെ ശൗചാലയങ്ങൾ തകർന്ന വീടുകളുണ്ട്. തോട്ടപ്പള്ളിമുതൽ പുത്തൻനടവരെ പുലിമുട്ട് നിർമിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായതായി നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - sea ​​rage high in the District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.