വേനൽമഴചതിച്ച കുട്ടനാട്ടിൽ കർഷകരെ പിഴിഞ്ഞ് മില്ലുകാർ

കുട്ടനാട്: വിട്ടുമാറാത്ത വേനൽമഴയിൽ കൃഷിനശിക്കുന്നത് മുതലെടുത്ത് മില്ലുകാർ കർഷകരെ പിഴിയുന്നു. ക്വിന്റലിന് 15 കിലോ വരെ കിഴിവ് ആവശ്യപ്പെടുന്നതായാണ് പരാതി. സാധാരണ ഒന്നര മണിക്കൂർകൊണ്ട് ഒരേക്കർ പാടം കൊയ്തെടുക്കാമെങ്കിൽ നെൽച്ചെടികൾ വീണുകിടക്കുന്നതിനാൽ ഇതിന് രണ്ടര-മൂന്ന് മണിക്കൂർ വരെ എടുക്കും.

കൊയ്ത്തുചെലവ് കൂടുതലാകുന്നതിനൊപ്പം നഷ്ടവും കൂടും. മഴയത്ത് നെല്ലിന് കൂടുതൽ ഈർപ്പമടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നെല്ലിന് കൂടുതൽ കിഴിവ് ഏജന്റുമാർ ആവശ്യപ്പെടുന്നത്. 17 ശതമാനം വരെ ഈർപ്പമാണ് നെല്ലിന് അനുവദനീയം. ഇത് കൂടുന്നതനുസരിച്ച് ക്വിന്റലിന് 15 കിലോ വരെയാണ് കിഴിവ് ഏജന്റുമാർ ആവശ്യപ്പെടുന്നത്.

വെളിയനാട് കൃഷിഭവൻ പരിധിയിലെ പള്ളിക്കണ്ടം പാടത്താണ് അന്യായ കിഴിവ് ആവശ്യപ്പെട്ടതായി പരാതിയുള്ളത്. കർഷകനായ ഡി. ബിജോമോൻ ഇതുസംബന്ധിച്ച് പാഡി ഓഫിസർക്ക് പരാതി നൽകി. ശക്തമായ മഴയത്ത് പാടത്തെ വിളഞ്ഞ നെൽച്ചെടികളെല്ലാം വീണു. വെള്ളം പൊങ്ങിവരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൊയ്‌തെടുക്കുക മാത്രമായിരുന്നു മാർഗം. മില്ലുകാരെ ബന്ധപ്പെട്ടപ്പോൾ കൊയ്യാമെന്ന് പറഞ്ഞുവന്നു. എന്നാൽ, ക്വിന്റലിന് 15 കിലോ കിഴിവ് ആവശ്യപ്പെടുകയായിരുന്നു. നൽകാൻ സാധിക്കില്ലെന്നു പറഞ്ഞപ്പോൾ കൊയ്യാൻ മില്ലുകാർ തയാറായില്ല. പിന്നീട് പാഡി ഓഫിസർ ഇടപെട്ട് മൂന്നുകിലോ കുറച്ച് 12 കിലോ കിഴിവ് മതിയെന്ന ധാരണയിൽ എത്തി. 10 ഏക്കർ കൃഷിഭൂമി പാട്ടത്തിനെടുത്താണ് ബിജോമോൻ സുഹൃത്തിനൊപ്പം കൃഷി ചെയ്യുന്നത്. 225 ക്വിന്റൽ വിളവ് കിട്ടി. ഇതിൽ 27 ക്വിന്റൽ കിഴിവ് നൽകേണ്ടിവന്നു. 70 ക്വിന്റൽ നെല്ല് പാട്ടമായും നൽകണം. ബാക്കി 124 ക്വിന്റൽ മാത്രമാണ് ലഭിക്കുക. കൃഷിച്ചെലവും മറ്റും കഴിഞ്ഞ് ഒരുലക്ഷം രൂപയോളം നഷ്ടമാണ് ഇതുമൂലം സംഭവിക്കുന്നതെന്ന് കർഷകർ പറഞ്ഞു. വിഷയം അധികൃതർ ഗൗരവമായി കണ്ട് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

വെള്ളം കയറിയും ചെടികൾ വീണും വേനൽ മഴയിൽ തകർന്ന കർഷകർക്ക് നെല്ല് കൊയ്തെടുക്കൽ വെല്ലുവിളിയാണ്. അതിനിടെ, വിളവെടുപ്പ് പൂർത്തിയാക്കാതെ കൊയ്ത്തുയന്ത്രം കയറ്റിക്കൊണ്ടുപോയതായും പരാതിയുണ്ട്. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ മാരാൻകായലിലെ ഒരുവിഭാഗം കർഷകരാണ് ഇതോടെ ദുരിതത്തിലായത്. പാടശേഖര സമിതിയുടെ നിരുത്തരവാദപരമായ സമീപനമാണ് കാരണമെന്നാണ് കർഷകരുടെ പരാതി.

1200 ഏക്കറുള്ള പാടത്ത് വിളവെടുപ്പ് നിശ്ചയിച്ച് ഒരുമാസം മുമ്പ് കൊയ്ത്തുയന്ത്രം എത്തിച്ചതാണ്. പിന്നീട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് കൊയ്ത്താരംഭിച്ചത്. അപ്പോഴേക്കും മഴ ശക്തമായി. 400 ഏക്കറോളം പാടത്തെ കൊയ്ത്ത് പൂർത്തിയാകാനിരിക്കെയാണ് യന്ത്രങ്ങൾ കയറ്റിപ്പോയത്

Tags:    
News Summary - Mill owner create problem for kuttanad paddy farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.