ആലപ്പുഴ: കാലവർഷക്കെടുതിയിൽ മുങ്ങിയ കുട്ടനാട്ടിൽ വെള്ളം ഇറങ്ങിത്തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതിനൊപ്പം തോട്ടപ്പള്ളി സ്പിൽവേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കൂടുതൽ ജലം കടലിലേക്ക് ഒഴുക്കിയതോടെയാണ് ജലനിരപ്പിൽ കുറവുണ്ടായത്.
ചില മേഖലകളിൽ വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ദുരിതശ്വാസ ക്യാമ്പുകൾ തുടരുന്നുണ്ട്. നിലവിൽ 20 ക്യാമ്പ് പിരിച്ചുവിട്ടിട്ടുണ്ട്. മറ്റിടങ്ങളിൽ സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തുന്ന മുറക്ക് ആളുകൾ വീട്ടിലേക്ക് മടങ്ങിപ്പോകും. അതുവരെ ക്യാമ്പുകൾ പ്രവർത്തിക്കും.
ജില്ലയിൽ 41 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 1514 കുടുംബങ്ങളിലായി 4988 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. അമ്പലപ്പുഴ- 11, കുട്ടനാട്- 15, കാർത്തികപ്പള്ളി- ആറ്, മാവേലിക്കര- മൂന്ന് ചെങ്ങന്നൂർ- നാല്, ചേർത്തല- രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. വെള്ളക്കെട്ട് ദുരിതങ്ങൾക്ക് അയവില്ലാത്തതിനാൽ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണ വിതരണത്തിന് മുടക്കംവരുത്തിയിട്ടില്ല.
അമ്പലപ്പുഴ, കുട്ടനാട് താലൂക്കിലായി 682 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണുള്ളത്. കുട്ടനാട്ടിൽ 32,521 കുടുംബങ്ങളിലെ 1,29,853 പേർക്കും അമ്പലപ്പുഴ താലൂക്കിൽ 32,607 കുടുംബങ്ങളിലെ 1,30,210 പേർക്കുമാണ് ഭക്ഷണം നൽകുന്നത്.
സ്കൂൾ തുറന്ന് നാലുദിവസം പിന്നിടുമ്പോഴും കുട്ടനാട് മേഖലയിലെ മിക്ക സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. സ്കൂളും പരിസരവും വെള്ളത്തിൽ മുങ്ങിയതാണ് തുറക്കൽ വൈകുന്നത്.
എടത്വ ഡിപ്പോയിൽനിന്ന് മുടങ്ങിയ കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു. കളങ്ങര, മുട്ടാര്‍, തായങ്കരി തുടങ്ങിയ റൂട്ടുകളിലാണ് സർവിസുണ്ടായിരുന്നത്. ഇതോടെ, ബന്ധുവീട്ടുകളിൽ അഭയംതേടിയ നിരവധിപേർ തിരിച്ചെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച മഴ മാറിനിന്നതോടെ അനുഭപ്പെട്ട കന്നത്ത വെയിൽ ദുരിതബാധിത മേഖലക്ക് ഏറെ ആശ്വാസമായി. മങ്കൊമ്പ്, നെടുമുടി, കാവാലം മേഖലകളിലാണ് ജലനിരപ്പ് കൂടുതൽ. കാലവർഷം കനത്തതോടെ നിർത്തിവെച്ച കാവാലം-തട്ടാശ്ശേരി ജങ്കാർ സർവിസും പുനരാരംഭിച്ചു.
സമീപ ജില്ലയായ കോട്ടയത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ ആളുകൾ ആശ്രയിച്ചിരുന്ന സർവിസായിരുന്നു ഇത്. നീലംപേരൂർ, കാവാലം അടക്കമുള്ള മേഖലയിലുള്ളവർക്കാണ് ഏറെ സഹായമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.