മഴ: വാഴകൾ വീഴുന്നു; കർഷകർക്ക് 'കണ്ണീരോണം'

കുട്ടനാട്: മുട്ടാർ, വീയപുരം പഞ്ചായത്ത് പ്രദേശങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന ഏത്തവാഴകൾ മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചു. വീയപുരം രണ്ടാം വാർഡ് ആറുപറയിൽ ഉമ്മർകുഞ്ഞിന്‍റെ ഏത്തവാഴകൃഷി പൂർണമായി നശിച്ച നിലയിലാണ്.

കഴിഞ്ഞ ഒറ്റ രാത്രിയിൽ പെയ്ത മഴയിലാണ് ഇവ നിലംപൊത്തിയത്. കഴിഞ്ഞ സീസണിൽ തുടർച്ചയായ മഴയും കാറ്റും വെള്ളപ്പൊക്കവും മൂലം കൃഷിനാശം നേരിട്ട കർഷകരിലേറെയും ഇക്കുറി വാഴകൃഷി ചെയ്തിരുന്നില്ല. കൃഷിയിറക്കിയ ചുരുക്കം ചില കർഷകരിലൊരാളാണ് ഉമ്മർകുഞ്ഞ്.

ഒരു വാഴക്ക് 300 രൂപയോളം ചെലവ് വന്നിരുന്നു. കയറും മുളയും ഉപയോഗിച്ച് എല്ലാ വാഴക്കും സംരക്ഷണം ഒരുക്കിയിരുന്നെങ്കിലും മധ്യഭാഗം വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. ഒരു കിലോ നേന്ത്രക്കായക്ക് 70 രൂപ മുതൽ 80 വരെ വിലയുള്ളപ്പോഴാണിത്.

ഒരു കുലക്ക് 600 മുതൽ 700 രൂപ വരെ ലഭിക്കുമായിരുന്നുവെന്നും ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഉമ്മർകുഞ്ഞ് പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ സീസണിൽ വാഴകൃഷി നശിച്ച കർഷകർ പ്രീമിയം അടച്ച് സമയബന്ധിതമായി ഇൻഷുർ ചെയ്തെങ്കിലും കൂടുതൽ കൃഷി ചെയ്തവർക്കുള്ള തുക അടുത്ത സീസൺ തീരാറായിട്ടും ലഭിച്ചില്ലെന്ന പരാതിയുണ്ട്.

ചെറുതന പഞ്ചായത്തിലെ ചെങ്ങാരപ്പള്ളിച്ചിറ, പുത്തൻതുരുത്ത് എന്നിവിടങ്ങളിലെ കർഷകരുടെയും വാഴകൃഷി നശിച്ചു. ചെങ്ങാരപ്പള്ളിച്ചിറയിൽ ദയാനന്ദൻ നിതീഷ് ഭവനം, വിജിത വിജയൻ വിജിത് ഭവനം, സജി മുപ്പത്തിനാലിൽ, ജോയി കൊല്ലന്‍റെപറമ്പിൽ, ജോഷി എന്നിവരുടെ വാഴകളാണ് നശിച്ചത്. ആയിരത്തോളം വാഴകൾ ചെറുതനയിൽ മാത്രം നിലംപൊത്തി.

Tags:    
News Summary - heavy rain causes agriculture loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.