പുതുകാഴ്ചയുടെ വിരുന്നൊരുക്കി വിദേശിപ്പഴം 'ഗാഗ്' മണ്ണഞ്ചേരിയിൽ

മണ്ണഞ്ചേരി: പുതുകാഴ്ചയുടെ മനോഹര വിരുന്നൊരുക്കി വിദേശ ഇനം പഴമായ 'ഗാഗ്' മണ്ണഞ്ചേരിയുടെ മണ്ണിലും. പഞ്ചായത്ത്‌ ഒമ്പതാംവാർഡ്‌ ഓമന മന്ദിരത്തിൽ പ്രമോദ് കുമാറി‍ൻെറ വീട്ടിലാണ് 120ൽഅധികം ഗാഗ് പഴങ്ങൾ പാകമായി വിളവെടുപ്പിന് തയാറായി നിൽക്കുന്നത്. വിയറ്റ്നാം സ്വദേശിയായ ഗാഗ്, വിയറ്റ്‌നാമിലും തായ്​ലാൻഡ്, കമ്പോഡിയ, ആസ്ട്രേലിയ എന്നിവിടങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. സ്വർഗത്തിലെ കനി എന്ന് വിശേഷിപ്പിക്കുന്ന ഗാഗ് പഴത്തി‍ൻെറ ശാസ്ത്രീയ പേര്'മോമോർഡിക കൊച്ചിൻച്ചിനെൻസിസ് ' എന്നാണ്. കലവൂർ പാം ഫൈബർ അസി.​ മാനേജരായ പ്രമോദ് കൊച്ചി അയ്യമ്പുഴയിൽ ജോജോയുടെ കൈയിൽനിന്നുമാണ് വിത്തുകൾ വാങ്ങിയത്. മുന്നൂറ് രൂപയ്ക്ക് ആറ് വിത്തുകൾ ലഭിച്ചു. അതിൽ നാലെണ്ണം കിളിർത്തു. മൂന്ന് പെൺചെടികളും. ഒരു ആൺചെടിയും. കട്ടിയുള്ള വിത്തിൽനിന്ന് ഒരു മാസമായപ്പോഴാണ് മുള പൊട്ടിയത്. വിത്ത് കിളിർത്ത് കഴിഞ്ഞുള്ള വളർച്ച പെട്ടെന്നായിരുന്നു. പാഷൻ ഫ്രൂട്ട് ചെടിക്ക് സമാനമായ ഇലകളാണ് ഗാഗിന്‍റേത്. വള്ളിപ്പടർപ്പ് പോലെ പടർന്ന് പന്തലിക്കും. നിറയെ പൂക്കൾ വിരിയും. ഇവയിൽ ആൺ പൂക്കളെ ശേഖരിച്ച് പെൺപൂവിൽ ചേർത്ത് ​വെച്ച്​ പരാഗണം നടത്തണം. ആൺ പൂവ് വിരിഞ്ഞില്ലെങ്കിൽ ഫലവും കുറയും. കേരളത്തിൽ പല സ്ഥലങ്ങളിലും ഗാഗ് കൃഷി നടക്കുന്നുണ്ടെങ്കിലും ഒരേസമയം നൂറിലധികം കായ്കളെന്നത് ഇത് ആദ്യമാണ്. നാലാം മാസമായതോടെയാണ് കായ്ക്കാൻ തുടങ്ങിയത്. പച്ചയാണ് പുതിയ കായ്കൾക്ക് നിറം. രണ്ടാംഘട്ടത്തിൽ മഞ്ഞയാകും. കുറച്ചു കൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. ചുവപ്പിലെത്തുന്നതോടെ പഴം പാകമാകും. കായയിൽനിന്ന് ചെടിയിലേക്കുള്ള തണ്ടും ചുവന്ന് തുടങ്ങുന്നതോടെ പറിച്ചെടുക്കാം. ഗാഗിന്റെ വിപണി വില കിലോക്ക്​ 1200 രൂപയാണ്. വൈറ്റമിനുകളുടെ കലവറയാണ് ഗാഗ് പ​ഴമെന്ന്​ പ്രമോദ് പറഞ്ഞു. ചാണകം, കോഴിവളം, പച്ചില എന്നിവയാണ് വളം. പ്രമോദിനെ കൃഷിയിൽ സഹായിക്കാൻ ഭാര്യ മിനിയും മകൾ സി.എ വിദ്യാർഥിനി മീനാക്ഷിയും കൂടെയുണ്ട്. ടി.എ.കെ. ആശാൻ പടം: ഗാഗ് തോട്ടത്തിൽ പ്രമോദും കുടുംബവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.