തെളിയാത്ത വിളക്കുകൾക്ക് കോടികളുടെ വൈദ്യുതി നിരക്ക്​; കായംകുളം നഗരസഭയിലെ പദ്ധതി ധനവിനിയോഗത്തിൽ അപാകത

കായംകുളം: ഒാഡിറ്റ് റിപ്പോർട്ടിലും ക്രമക്കേട് കണ്ടെത്തിയതോടെ നഗരസഭയിലെ തെരുവ് വിളക്ക് പദ്ധതിയിലെ അഴിമതി ചർച്ചയാകുന്നു. കോടികൾ ചിലവഴിച്ചിട്ടും വിളക്കുകൾ തെളിയാത്ത ടൗണിൽ വൈദ്യുതി ചാർജ് ഇനത്തിൽ പ്രതിമാസം ലക്ഷങ്ങൾ ചിലവഴിക്കുന്നതും ചർച്ചയാകുകയാണ്. കഴിഞ്ഞ ഭരണകാലയളവിൽ 1.19 കോടി ചിലവഴിച്ച പദ്ധതിയാണ് വിവാദമായിരിക്കുന്നത്. പുതിയത് സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനുമായി തൃശൂരിലുള്ള സ്വകാര്യ കമ്പനിയാണ് കരാർ എടുത്തത്. വൈദ്യുതി ചാർജ് കുറക്കാൻ എൽ.ഇ.ഡി സംവിധാനത്തിലേക്ക് മാറുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. എന്നാൽ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ സ്ഥാപിക്കുന്നതിന് മുന്നെ കണ്ണടച്ചിരുന്നു. ഏറെ സമ്മർദ്ദം ചെലുത്തിയാൽ ആറ് മാസത്തിലൊരിക്കൽ എത്തി അറ്റകുറ്റപ്പണി നടത്തിയാതായി ബോധ്യപ്പെടുത്തി മടങ്ങും. ഒരു രൂപ പോലും വൈദ്യുതി ചാർജ് ഇനത്തിൽ നഗരസഭക്ക് ലാഭം ഉണ്ടാകാത്ത പദ്ധതി കോടികളുടെ നഷ്ടമാണ് വരുത്തിയത്. തെരുവ് വിളക്കുകൾ വാർഡുകളിലെ ഏതെല്ലാം പോസ്റ്റുകളിലാണ് സ്ഥാപിച്ചതെന്നതിൻെറ കൃത്യമായ കണക്കുകൾ നഗരസഭയിൽ ലഭ്യമല്ല. ഭരണക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരം സ്ഥാപിക്കാത്ത ബൾബുകൾക്ക് വരെ പണം നഷ്ടമായെന്നാണ് പിന്നാമ്പുറ സംസാരം. ക്രമക്കേടിന് തെളിവായി ഒാഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നതും ഇതാണ്. തെരുവുവിളക്കുകളുടെ വിവരങ്ങൾ ഇല്ലാതിരിക്കെ അറ്റകുറ്റപ്പണി നടത്തിയ വിളക്കുകളുടെ വിവരങ്ങളിലും വീഴ്ച സംഭവിച്ചതായും ഒാഡിറ്റ് റിപ്പോർട്ടിലുണ്ട്. സംയുക്ത പരിശോധന നടത്തി നഗരസഭയിലുള്ള ഒാരോ ഇനം തെരുവ് വിളക്കുകൾ സംബന്ധിച്ച രേഖകൾ തയ്യാറാക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് വൈദ്യുതി ചാർജ് അമിതമായി അടക്കുന്നതിന് കാരണം. എൽ.ഇ.ഡി അടക്കം നടപ്പാക്കിയ പദ്ധതിക്ക് ആനുപാതികമായി വൈദ്യുതി ചാർജിൽ യാതൊരു കുറവും സംഭവിക്കാത്തത് ഗുരുതര പിഴവായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. മീറ്റർ റീഡിംഗ് സമ്പ്രദായത്തിൽ അല്ലാതെയുള്ള വൈദ്യുതി വകുപ്പ് രീതിയിലൂടെ പ്രതിവർഷം വൈദ്യുതി ചാർജായി 62,68,248 രൂപയാണ് ഇൗസ്റ്റ് സെക്ഷനിൽ അടക്കുന്നത്. വിവിധ വികസന പദ്ധതികൾക്ക് ചെലവഴിക്കാനുതുകുന്ന കോടികൾ അനാവശ്യമായി നഷ്ടമായിട്ടും പരിഹാരം കണ്ടെത്തുന്നതിൽ ഗുരുതര അലംഭാവമാണ് അധികൃതർ സ്വീകരിക്കുന്നത്. തെരുവ് വിളക്കുകളുടെ വിവരങ്ങൾ രേഖാപരമാക്കിയാൽ വൈദ്യുതി ചാർജ് ഗണ്യമായി കുറക്കാൻ കഴിയുമെന്ന് നഗരസഭ കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ.പി. ഷാജഹാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.