വിശപ്പുരഹിത മാരാരിക്കുളം: ഭക്ഷണപ്പൊതികളുമായി എം.പിയും

മണ്ണഞ്ചേരി: നേരം ഉച്ചയോടടുത്തപ്പോൾ പതിവുപോലെ അവർ കടത്തിണ്ണയിൽ കാത്തിരുന്നു. ഭക്ഷണപ്പൊതികളുമായി വരുന്ന വാഹനത്തി​ൻെറ നേർത്ത ശബ്​ദംപോലും അവർക്ക് തിരിച്ചറിയാനാകും, ആ ശബ്​ദം അവരിലേക്കാണ് വരുന്നതെന്നുമറിയാം. വെള്ളിയാഴ്​ച ഭക്ഷണപ്പൊതികളുമായി എത്തിയയാളെ കണ്ട് അവർ അത്ഭുതപ്പെട്ടു. എ.എം. ആരിഫ് എം.പി. ഇതെന്താണെന്നവർ കൗതുകത്തോടെ ചോദിക്കുമ്പോഴാണ് പിന്നാലെ എത്തിയവരെ ആർ. റിയാസ് പരിചയപ്പെടുത്തിയത്. ''അമ്മച്ചീ, ഇന്ന് ഇവരെല്ലാവരും ചേർന്ന് ഭക്ഷണപ്പൊതികളുമായി വന്നത് ഒരുവിശേഷമുള്ളതിനാലാണ്. നമ്മുടെ വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തിലേക്ക്​ കടക്കുകയാണ്''-റിയാസ് പറഞ്ഞു. അപ്പോൾ ഇന്ന് സ്പെഷൽ ഉണ്ടാവുമല്ലോ എന്ന ചോദ്യവുമായി അമ്മച്ചി എല്ലാവരിലും ചിരിപടർത്തി. ഇങ്ങനെയാണ് വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ വാർഷികാഘോഷ പരിപാടികൾ നടന്നത്. രാവിലെതന്നെ പി. കൃഷ്ണപിള്ള സ്മാരക ട്രസ്​റ്റി​ൻെറ സമൂഹ അടുക്കളയിൽ എത്തിയ ആരിഫ് ഭക്ഷണം പൊതിയുന്നതിലും പങ്കാളിയായി. ജീവതാളം ചെയർമാൻ കെ.ഡി. മഹീന്ദ്രൻ, ട്രഷറർ എൻ.പി. സ്നേഹജൻ, ഷീന സനൽകുമാർ, പി.എ. ജുമൈലത്ത്, വി.കെ. ഉല്ലാസ്, പി. വിനീതൻ, കെ.വി. രതീഷ്, നൗഷാദ് പുതുവീട് തുടങ്ങിയവർ പങ്കാളികളായി. ജനകീയ അടുക്കളയിലിരുന്ന് ഭക്ഷണം കഴിച്ചാണ്​ ആരിഫ് മടങ്ങിയത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ട്​ മാത്രമാണ് വിശപ്പുരഹിത മാരാരിക്കുളം പദ്ധതി മൂന്നുവർഷം പൂർത്തിയാക്കിയതെന്ന് പി. കൃഷ്ണപിള്ള സ്മാരക ട്രസ്​റ്റ്​ രക്ഷാധികാരി ആർ. റിയാസ് പറഞ്ഞു. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ 80 വാർഡിലായി 400 പേർക്കാണ് ഈ പദ്ധതി വഴി രണ്ടുനേരം ഭക്ഷണം എത്തിക്കുന്നത്. ഒരു ഊണിന് 20 രൂപ എന്ന നിലയിൽ സ്പോൺസർഷിപ് നൽകാൻ തയാറായി നിരവധിപേർ വരുന്നുണ്ട്. ചിത്രം: AP52 Mararikkulam വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തി​ൻെറ ഭാഗമായി എ.എം. ആരിഫ് എം.പി ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.