അമ്പലപ്പുഴയിൽ സ്ഥാനാർഥി നിർണയം മുന്നണികളെ വലക്കുന്നു

അമ്പലപ്പുഴ: തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചെങ്കിലും അമ്പലപ്പുഴ ബ്ലോക്ക് പരിധിയിലെ വാർഡുകളിൽ സ്ഥാനാർഥി നിർണയം പാർട്ടികളെ വലക്കുന്നു. എൽ.ഡി.എഫിൽ ഘടകകക്ഷികൾ കീറാമുട്ടിയാകുമ്പോൾ യു.ഡി.എഫിൽ റിബലാണ് പ്രശ്​നം. ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിലേക്കും രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും പുന്നപ്ര വടക്ക്-തെക്ക്, അമ്പലപ്പുഴ വടക്ക്-തെക്ക്, പുറക്കാട് പഞ്ചായത്തുകളിലായി 85 വാർഡിലേക്കുമാണ് സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. എൽ.ജെ.ഡി, കേരള കോൺഗ്രസ് പാർട്ടികൾക്കുള്ള സീറ്റ് വിഭജനമാണ് എൽ.ഡി.എഫ് നേരിടുന്ന പ്രതിസന്ധി. യു.ഡി.എഫി​ൻെറ ഘടകകക്ഷിയായിരുന്ന എൽ.ജെ.ഡിക്ക് പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക് ഗ്രാമപഞ്ചാത്തുകളിൽ ഓരോ സീറ്റ് വീതം നൽകിയിരുന്നു. ഇത്തവണ ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും രണ്ട് ഗ്രാമപഞ്ചായത്തുകളിലായി ഓരോ വാർഡുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ഡിവിഷനായ പുറക്കാട് ബ്ലോക്ക് ഡിവിഷനും പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ ഓരോ വാർഡിലും തീരുമാനമായി. എന്നാൽ, ബ്ലോക്കിലേക്ക് അമ്പലപ്പുഴ ഗവ. കോളജ് ഡിവിഷനാണ് എൽ.ജെ.ഡി ആവശ്യപ്പെടുന്നത്. ഗവ. ബ്ലോക്ക് ഡിവിഷൻ ലഭിച്ചില്ലെങ്കിൽ പ്രാദേശികതലത്തിൽ മുന്നണിവിട്ട് നേരിട്ട് സ്ഥാനാർഥികളെ നിർത്തുമെന്ന ഭീഷണിയിലാണ് എൽ.ജെ.ഡി. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേര​േത്ത മത്സരിച്ചിരുന്ന പുറക്കാട്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ ഓരോ വാർഡ് നൽകാനാണ് തീരുമാനം. എന്നാൽ, പുറക്കാടിന് പകരം പുന്നപ്ര വടക്കാണ് ഇവർ ആവശ്യപ്പെടുന്നത്. സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലും ആശയക്കുഴപ്പമുണ്ട്. ബ്ലോക്കിൽ സി.പി.എം -10, സി.പി.ഐ -മൂന്ന്​ സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ബ്ലോക്ക് ഡിവിഷനിൽ ഒരെണ്ണം സി.പി.എം വിട്ടുകൊടുക്കാൻ തയാറാണ്. എന്നാൽ, ഗ്രാമപഞ്ചായത്ത് ഡിവിഷനുകളിൽ സി.പി.ഐ വിട്ടുവീഴ്ചക്ക് തയാറാകാത്തതും സ്ഥാനാർഥിനിർണയ കാര്യത്തിൽ ആശങ്കയിലാണ്. യു.ഡി.എഫിൽ പലതവണ മത്സരിച്ച് ജയിച്ചവർ വീണ്ടും സീറ്റ് ആവശ്യപ്പെട്ടത്​ റിബൽ ഭീഷണി ഉയർത്തുന്നു. വിജയത്തിന്​ പ്രവർത്തിക്കേണ്ടവരാണ്​ റിബലുകളാകുന്നത്​. ഘടകകക്ഷികളായിരുന്ന എൽ.ജെ.ഡി, ജോസ് കെ. മാണി ഗ്രൂപ്പി​ൻെറ ചുവടുമാറ്റത്തിലെ സീറ്റുകൾ ജോസഫ്, ജേക്കബ് ഗ്രൂപ്പും മുസ്​ലിം ലീഗും ആവശ്യപ്പെടുന്നത് യു.ഡി.എഫിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലായി രണ്ടു വാർഡുകൾ വീതമാണ് ലീഗിന്​ ഉണ്ടായിരുന്നത്‌. അത് മൂന്നായി ഉയർത്തണമെന്നും അമ്പലപ്പുഴ തെക്കിൽ ഒന്നും ഒരു ബ്ലോക്ക് ഡിവിഷനും അധികമായി വേണമെന്നാണ് ലീഗി​ൻെറ ആവശ്യം. ജേക്കബ്​ രണ്ടും ജോസഫ്​ ഒരുസീറ്റും ആവശ്യപ്പെടുന്നുണ്ട്. ഇരുമുന്നണിയും തീരുമാനം പൂർത്തിയാക്കിയതിനുശേഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ മതിയെന്നാണ് ബി.ജെ.പി തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.